കെട്ടിട നമ്പർ തട്ടിപ്പ്: കെട്ടിട ഉടമകളെ കണ്ടെത്താൻ ലുക്കൗട്ട് സർകുലർ
text_fieldsകോഴിക്കോട്: ജീവനക്കാരുടെ പാസ്വേർഡ് അടക്കം ലോഗിൻ വിവരങ്ങൾ ദുരുപയോഗപ്പെടുത്തി അനധികൃതമായി കെട്ടിടങ്ങൾക്ക് അനുമതി നൽകിയ കേസിൽ രണ്ട് കെട്ടിട ഉടമകൾക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളിൽ പ്രതികളെ കണ്ടെത്താനായാണ് സർക്കുലർ പുറപ്പെടുവിച്ചത്. നാല് ഇടനിലക്കാരടക്കം ഏഴുപേരെ കേസന്വേഷിക്കുന്ന സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത ശേഷമുള്ള ആദ്യ നടപടിയായാണ് സർക്കുലർ ഇറക്കിയത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും സർക്കുലർ നൽകും.
രണ്ടുപേരും വിദേശത്താണെന്നാണ് വിവരം. ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കേസിൽ കരിക്കാംകുളം സ്വദേശിയായ കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ഉടമ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതിനുവേണ്ടിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. ഉടമകളെ കിട്ടിയാൽ മാത്രമേ എങ്ങനെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമാവുകയുള്ളൂ. അറസ്റ്റ് പേടിച്ച് പലരും ഒളിവിലാണ്. മുന്നൂറോളം കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ആറ് കെട്ടിടങ്ങൾക്ക് അനധികൃതമായി അനുമതി നൽകിയതായി കണ്ടെത്തിയെന്ന് കോർപറേഷൻ സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കെട്ടിടവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് അറസ്റ്റ് നടന്നത്. കോർപറേഷൻ ഉദ്യോഗസ്ഥരടക്കം പ്രതികളായ കേസിൽ എല്ലാവരും ജാമ്യത്തിലാണ്.
ഒരാളെകൂടി കോർപറേഷൻ സസ്പെൻഡ് ചെയ്തു
കോഴിക്കോട്: കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് എലത്തൂരിലെ റവന്യൂ ഇൻസ്പെക്ടറെയും കോർപറേഷൻ സസ്പെൻഡ് ചെയ്തു. റവന്യൂ ഇൻസ്പെക്ടർ എം.പി. പ്രീതക്കെതിരെയാണ് നടപടി. ഇതോടെ കേസിൽ സസ്പെൻഷനിലായ കോർപറേഷൻ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി.
എലത്തൂരിലെ റവന്യൂ ഇൻസ്പെക്ടറുടെ ലോഗിൻ ഐ.ഡിയും പാസ്വേർഡും ദുരുപയോഗം ചെയ്തതായി കഴിഞ്ഞ ദിവസം കോർപറേഷന് ഇൻഫർമേഷൻ കേരള മിഷൻ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വിരമിച്ച രണ്ടുദ്യോഗസ്ഥരുടെ ഡിജിറ്റൽ ഒപ്പ് ദുരുപയോഗം ചെയ്തതായി ഇൻഫർമേഷൻ കേരള മിഷൻ കണ്ടെത്തിയിട്ടുണ്ട്. എലത്തൂർ മേഖല ഓഫിസിലെ റവന്യൂ ഇൻസ്‍പെക്ടറുടെ ലോഗിനും പാസ് വേർഡും ഉപയോഗിച്ചതായും കണ്ടെത്തി. തട്ടിപ്പ് നടത്തിയ അഞ്ചിൽ ഒരെണ്ണത്തിൽ മുൻ ഡെപ്യൂട്ടി സെക്രട്ടറിയുടെയും ബാക്കിയുള്ളവയിലെല്ലാം മുൻ റവന്യു സെക്രട്ടറിയുടെയും ഡിജിറ്റൽ ഒപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.