കെട്ടിട നമ്പർ തട്ടിപ്പ്: മുഖ്യപ്രതികൾ പൊലീസിന്‍റെ വലയിലേക്ക്
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ മുഖ്യപ്രതികൾ പൊലീസിെൻറ വലയിലേക്ക്. തട്ടിപ്പിന് ഒത്താശചെയ്ത ഉദ്യോഗസ്ഥരെ സംബന്ധിച്ചും ഇതിനുപിന്നിൽ പ്രവർത്തിച്ച ഇടനിലക്കാരെ സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കും.
അറസ്റ്റിന് മുന്നോടിയായി ഡിജിറ്റൽ തെളിവുകളടക്കം കോർപറേഷൻ ആസ്ഥാനത്തെത്തി സൈബർ ക്രൈം സംഘം ശേഖരിച്ചു. തട്ടിപ്പിൽ മേയർ ആര്യ രാജേന്ദ്രെൻറയും കോർപറേഷൻ സെക്രട്ടറിയുടെയും കോർപറേഷൻ ഐ.ടി വിഭാഗം ജീവനക്കാരുടെയും മൊഴി കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തി.
തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും രേഖകളും ഐ.ടി ജീവനക്കാരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളിൽ തട്ടിപ്പിന് ഒത്താശചെയ്തുവെന്ന് സംശയിക്കുന്ന താൽക്കാലിക ജീവനക്കാരെയും അനധികൃതമായി കെട്ടിട നമ്പർ തരപ്പെടുത്തിയ മരപ്പാലം സ്വദേശി അജയഘോഷിനെയും ചോദ്യംചെയ്യും.
എൻജിനീയറിങ് വിഭാഗത്തിൽ ഫയൽ പോലുമില്ലാതെയാണ് ഇടനിലക്കാർക്ക് പണം നൽകി അജയ്ഘോഷ് കെട്ടിട നമ്പർ സംഘടിപ്പിച്ചത്.മരപ്പാലം ടി.കെ. ദിവാകരൻ റോഡിലെ രണ്ട് കെട്ടിടങ്ങൾക്കാണ് അജയഘോഷ് അനധികൃതമായി കെട്ടിട നമ്പർ തരപ്പെടുത്തിയത്.
റോഡിന് തൊട്ടടുത്തായി മുറിക്ക് പുറത്തേക്ക് ഷീറ്റ് കെട്ടിയ കെട്ടിടത്തിന് നിയമനുസൃതം കെട്ടിട നമ്പർ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇടനിലക്കാരുടെ സഹായം തേടിയത്. ഇതിൽ ഒരു കെട്ടിടത്തിലാണ് അജയഘോഷിെൻറ സഹോദരിയുടെ തട്ടുകട. മറ്റൊന്ന് വർക്ഷോപ്പിനായി വാടകക്ക് നൽകി. തൊട്ടടുത്തുതന്നെ അജയഘോഷിെൻറ വെൽഡിംഗ് കടയുമുണ്ട്.
കെട്ടിടത്തിെൻറ പ്ലാൻ വരച്ച് തയാറാക്കി കോർപറേഷനിൽ നൽകുന്നവരാണ് ഇടനിലക്കാരായിനിന്ന് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കെട്ടിടനമ്പർ സംഘടിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. തട്ടിപ്പിലൂടെ കൂടുതൽ പേർക്ക് കെട്ടിട നമ്പർ കിട്ടിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം. തട്ടിപ്പ് നടത്തിയതിന് പുറമെ പാസ്‍വേഡ് കൈക്കലാക്കി ക്രമക്കേട് നടത്തിയതിന് ഐ.ടി ആക്ട് നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.