കെട്ടിട പെർമിറ്റ് ഫീസ് വർധന: സംസ്ഥാന സർക്കാറിനെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിടുന്നതായി യൂട്യൂബർ
text_fieldsകോഴിക്കോട്: സംസ്ഥാന സർക്കാർ കെട്ടിട പെർമിറ്റ് ഫീസ് വർധിപ്പിച്ച നടപടിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിടുന്നതായി യൂട്യൂബറുടെ പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി നിസാർ ബാബുവാണ് മാസ്റ്റർ പീസ് യൂട്യൂബ് ചാനൽ വീഡിയോയിലൂടെ പെർമിറ്റ് ഫീസ് വർധനവിന് എതിരെ പ്രതികരിച്ചത്. ഇതിന് പിന്നാലെ വ്യക്തിപരമായ അധിക്ഷേപമടക്കം നേരിടുന്നതായി അദ്ദേഹം പറയുന്നു.
വീട് നിർമിക്കാൻ ആവശ്യമായി വന്ന ഭീമമായ തുകയാണ് വിമർശനത്തിന് കാരണമെന്ന് നിസാർ ബാബു പറയുന്നു. 30 രൂപ ഫീസുള്ളത് ആയിരത്തിലേറെ രൂപയായതും സ്‌ക്വയർ ഫീറ്റിനുള്ള ഫീസിൽ വൻ വർധനവുണ്ടായതും നിസാർ വീഡിയോയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വീഡിയോ മാസ്റ്റർപീസ് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തതിന് ശേഷം രൂക്ഷമായ സൈബർ ആക്രമണമാണ് നിസാർ നേരിടുന്നത്. വ്യക്തിപരമായ അധിക്ഷേപങ്ങൾ അടക്കം നേരിടുന്നതായി നിസാർ പറയുന്നു. ചതുരശ്ര മീറ്റർ അടിസ്ഥാനത്തിൽ ആണ് സർക്കാർ പെർമിറ്റ് ഫീ വർധിപ്പിച്ചത്. അതിനാൽ സാധാരണക്കാരനെ ബാധിക്കില്ലെന്നുമായിരുന്നു വർധനയിൽ സർക്കാരിന്റെ വിശദീകരണം.
'കഴിഞ്ഞ ഏപ്രിൽ 30 മുതലാണ് ഫീസ് വർധനയുണ്ടായത്. സാധാരണക്കാർക്ക് വർധനവ് ബാധിക്കില്ലെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അന്ന് പറഞ്ഞത്. ഞാനും ഒരു സാധാരണക്കാരനാണെന്നാണ് ഞാൻ വിചാരിച്ചത്. 2420 സ്‌ക്വയർ ഫീറ്റിന്റെ വീടാണ് ഞാൻ നിർമിക്കാൻ ആഗ്രഹിക്കുന്നത്. ഇതിന്റെ പെർമിറ്റുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ചെന്നപ്പോഴാണ് 30 രൂപ ഫീസുള്ളത് 1000 രുപയായും 2420 സ്‌ക്വയർ ഫീറ്റുള്ള വീടിന് ഏപ്രിൽ 10 വരെ 1575 രൂപ വാങ്ങിയിരുന്നിടത്ത് 22837 രുപയാക്കി മാറ്റിയതും അറിയുന്നത്'. -നിസാർ ബാബു യൂട്യൂബ് വിഡിയോയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.