കെട്ടിട നിർമാണ അനുമതി ഫീസ്; വീട് വലുതാകുന്തോറും പുതുക്കിയ നിരക്കിലും വൻ വർധന
text_fieldsതൃശൂർ: കെട്ടിട നിർമാണ അപേക്ഷ ഫീസിലും കെട്ടിട പെർമിറ്റിലും കുത്തനെ ഫീസ് കൂട്ടാൻ സർക്കാർ തീരുമാനിച്ചത് പ്രതിസന്ധിയിലായിരുന്ന നിർമാണമേഖലക്ക് ഇരുട്ടടിയായി. 20 ഇരട്ടി മുതൽ 133 ഇരട്ടി വരെയുള്ള വർധനയാണ് അപേക്ഷഫീസിലും കെട്ടിട അനുമതി പത്രത്തിനുമായി (പെർമിറ്റ്) വരുത്തിയത്. ഇന്ധന വിലവർധനയിലും സിമന്റ്-ക്വാറി മണൽ വിലയിലും ഉണ്ടായ വർധനക്കു പിറകെയാണ് സർക്കാർ ഓഫിസുകളിൽ കൊള്ളവർധന വരുത്തിയത്. ഈ മാസം 10 മുതലാണ് വർധന നടപ്പാക്കുക.
ചെറിയ വീടുകളിൽനിന്ന് വലിയ വീടുകളിലേക്ക് പോകുന്തോറും കെട്ടിട അപേക്ഷ ഫീസിലും പെർമിറ്റിലും കുത്തനെ വർധന കാണാം. മുനിസിപ്പാലിറ്റിയിലെ അപേക്ഷ ഫീസിനത്തിലും പെർമിറ്റ് ഫീസിനത്തിലുമാണ് കൂടുതൽ വർധന വരുത്തിയത്. 300 ചതുരശ്ര മീറ്ററിന് മുകളിലുള്ള (3240 ചതുരശ്ര അടി) കെട്ടിടനിർമാണ അപേക്ഷ ഫീസിലും അനുമതിക്കുമായി നേരേത്ത 2137 രൂപ നൽകിയിരുന്നതിന് പകരം ഇനി നൽകേണ്ടത് 64,200 രൂപയാണ്. അതായത് 3004 ശതമാനം വർധന.
കോർപറേഷനുകളിലാകാട്ടെ കെട്ടിട നിർമാണ അനുമതിക്ക് 3060 രൂപ നൽകി വന്നത് ഇനി മുതൽ 65,200 രൂപയാണ്. വർധന 2131 ശതമാനം. അതേസമയം, പഞ്ചായത്തുകളിൽ 2137 രൂപ നൽകി കൈപ്പറ്റിയിരുന്ന കെട്ടിട അനുമതി (അപേക്ഷ ഫീസുൾപ്പെടെ) കിട്ടാൻ ഇനി 48,150 രൂപ അടക്കണം. 2253 ശതമാനം വർധന.
300 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള കെട്ടിട പെർമിറ്റ് ഫീസ് ഇനത്തിൽ മാത്രം നേരത്തേ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 2107 രൂപയായിരുന്നത് യഥാക്രമം 45,150, 60, 200 രൂപ വീതമാകും. കോർപറേഷനിൽ 3010 രൂപ ആയിരുന്നത് 60,200 ആക്കിയാണ് വർധിപ്പിച്ചത്.
150 ചതുരശ്ര മീറ്ററിനുള്ള കെട്ടിട അപേക്ഷ ഫീസ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 30 രൂപ ആയിരുന്നതും കോർപറേഷനിൽ 50 രൂപ ആയിരുന്നതും 1000 രൂപയാക്കും. അതേസമയം, 300 ചതുരശ്രമീറ്ററിൽ കൂടുതലുള്ള നിർമാണങ്ങൾക്കുള്ള അപേക്ഷ ഫീസിലെ പുതുക്കിയ നിരക്ക് കോർപറേഷനിൽ 5000 രൂപയും മുനിസിപ്പാലിറ്റിയിൽ 4000 രൂപയും പഞ്ചായത്തിൽ 3000 രൂപയുമാണ്. അപേക്ഷ ഫീസിനത്തിൽ പഞ്ചായത്തിലും കോർപറേഷനിലും 10,000 ശതമാനം വർധന വന്നപ്പോൾ മുനിസിപ്പാലിറ്റിയിലെ വർധന 13,333 ശതമാനം.
250 ചതുരശ്ര മീറ്റർ (2670 ചതുരശ്ര അടി) വിസ്തീർണമുള്ള വീടാണെങ്കിൽ പഞ്ചായത്തുകളിലെ ആകെ ചെലവ് 1780 രൂപയിൽനിന്ന് 26,000 രൂപയായും നഗരസഭകളിൽ 1780 രൂപയിൽനിന്ന് 31,000 രൂപയായും ഫീസ് ഉയരും. കോർപറേഷനുകളിൽ ഇത് 2550 രൂപയിൽനിന്ന് 38,500 രൂപയിലേക്കാണ് കുതിക്കുക. പഞ്ചായത്തുകളിൽ 150 ചതുരശ്ര മീറ്റർ (1615 ചതുരശ്രഅടി) വിസ്തീർണമുള്ള വീട് നിർമിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ ചെലവിട്ടിരുന്ന സ്ഥാനത്ത് ഇനി 8500 രൂപ മുടക്കണം. നഗരസഭകളിൽ 555 രൂപയിൽനിന്ന് തുക 11,500 രൂപയാകും. കോർപറേഷനുകളിൽ ഇത് 800 രൂപയിൽനിന്ന് 16,000 രൂപയായാണ് വർധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.