പാസ്വേഡ് ചോർത്തി കെട്ടിട പെർമിറ്റ് തട്ടിപ്പ്: രണ്ടു കേസുകൾ കൂടി
text_fieldsകോഴിക്കോട്: പാസ്‌വേഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്കു പെര്‍മിറ്റ് നല്‍കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് രണ്ടു കേസുകൾകൂടി എടുത്തു. കോഴിക്കോട് കോര്‍പറേഷന്റെയും രാമനാട്ടുകര നഗരസഭയുടെയും പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന ആഭ്യന്തര പരിശോധനയിൽ കൂടുതൽ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. ഇതോടെ പാസ്വേഡ് ചോർച്ചയുമായി ബന്ധപ്പെട്ട് മൊത്തം 12 കേസുകളെടുത്തു. നേരത്തേ 10 കേസുകളും കോർപറേഷന്റെ പരാതിയിലായിരുന്നു.
സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ കോർപറേഷൻ തിരിച്ചെടുത്തിരുന്നു. കോര്‍പറേഷനിലെ ഔദ്യോഗിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സഞ്ജയ സോഫ്റ്റ് വെയറിന്‍റെ പാസ്‌വേഡ് ചോര്‍ത്തിയാണ് തട്ടിപ്പു നടന്നത്. കോര്‍പറേഷന്‍ ഓഫിസില്‍ വന്‍സ്വാധീനമുള്ള ഇടനിലക്കാര്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയാണ് അനധികൃത കെട്ടിടങ്ങള്‍ നിയമവിധേയമാക്കിയതെന്ന് പരാതിയുയർന്നിരുന്നു. ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടായി. ഏജന്‍റുമാരും വിരമിച്ച ഉദ്യോഗസ്ഥരുമടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജാമ്യത്തിലാണ്. വന്‍തുകയുടെ കൈക്കൂലിയും അഴിമതിയുമുള്ള കേസിന്‍റെ വ്യാപ്തി ആഴത്തിലുള്ളതായതിനാലാണ് ലോക്കല്‍ പൊലീസില്‍നിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.