കെട്ടിട നിർമാണാനുമതി സോഫ്റ്റ്വെയർ: കരിമ്പട്ടികയിൽ പെടുത്താൻ തീരുമാനിച്ച കമ്പനിക്കായി വീണ്ടും സർക്കാർ
text_fieldsതിരുവനന്തപുരം: ഓൺലൈൻവഴി കെട്ടിടനിർമാണാനുമതി സോഫ്റ്റ്വെയറിനായി കരിമ്പട്ടികയിൽപെടുത്താൻ തീരുമാനിച്ച സ്വകാര്യകമ്പനിക്ക് പിറകെ വീണ്ടും സർക്കാർ. രണ്ടുവട്ടം പരീക്ഷിച്ച് കോടികൾ പാഴായതിനെ തുടർന്ന് നിരവധി പരാതികൾ കേൾക്കേണ്ടിവന്ന പുണെ ആസ്ഥാനമായ സോഫ്റ്റ്ടെക് എന്ന കമ്പനിയെ ആണ് വീണ്ടും സർക്കാർ ആശ്രയിച്ചിരിക്കുന്നത്. സോഫ്റ്റ്ടെക്കിെൻറ ഇൻറലിജൻറ് ബിൽഡിങ് പ്ലാൻ മാനേജ്മെൻറ് സിസ്റ്റം (ഐ.ബി.പി.എം.എസ്) എന്ന സോഫ്റ്റ്വെയർ പുതിയതാണെന്ന പേരിൽ അവതരിപ്പിച്ചിരിക്കുകയാണ്.
പലഘട്ടങ്ങളായി കോടികൾ വാങ്ങിയ കമ്പനിയെ പോരായ്മകൾ ചൂണ്ടിക്കാട്ടി കരിമ്പട്ടികയിൽപെടുത്തുമെന്ന് നേരേത്ത സർക്കാർ താക്കീത് നൽകിയിരുന്നതാണ്. ഫയലുകൾ അപ്ലോഡ് ചെയ്യുന്നതിലെ അപാകത, അപ്ലോഡ് ചെയ്തവ കാണാനില്ല, സ്വീകരിച്ച അപേക്ഷകൾ കെട്ടിടനിർമാണ ചട്ടം അനുസരിച്ച് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ കഴിയുന്നില്ല തുടങ്ങിയ പരാതികൾ കാരണം രണ്ടുവട്ടം ഒഴിവാക്കിയ കമ്പനിയാണിത്. തോറ്റുപിന്മാറിയ കമ്പനിയുടെ സോഫ്റ്റ്വെയറിലൂടെ അപേക്ഷകൾ ഇപ്പോൾ സ്വീകരിച്ച് തുടങ്ങി.
അമൃത്പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പനിക്ക് വീണ്ടും പണം നൽകാനും നടപടി ആരംഭിച്ചുകഴിഞ്ഞു. നേരേത്ത രണ്ടുതവണയായി കോടികൾ കൈപ്പറ്റിയ കമ്പനിക്ക് ഇക്കുറി വീണ്ടും അഞ്ചുകോടിയോളം നൽകാൻ നീക്കമുണ്ടെന്നാണ് വിവരം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിലും പാലക്കാട്, ഗുരുവായൂർ, ആലപ്പുഴ മുനിസിപ്പാലിറ്റികളിലുമാണ് സോഫ്റ്റ്വെയർ ഇപ്പോൾ നടപ്പാക്കിയത്.
ആദ്യമായി 2009 ൽ സോഫ്റ്റ്ടെക് എത്തുേമ്പാൾ വിവിധ കോർപറേഷനുകളിൽനിന്ന് 12 കോടി നൽകി. പരാതികളെ തുടർന്ന് മാറിവന്ന സർക്കാർ 2013ൽ സോഫ്റ്റ്ടെക്കിനെ ഒഴിവാക്കി ഇൻഫർമേഷൻ കേരള മിഷനെ ഉപയോഗിച്ച് സങ്കേതം സോഫ്റ്റ്വെയർ സജ്ജമാക്കി.
സർക്കാർ വീണ്ടും മാറിയപ്പോൾ 2019ൽ ഐ.ബി.പി.എം.എസ് എന്ന പേരിൽ പുതിയ സോഫ്റ്റ്വെയറുമായി സോഫ്റ്റ്ടെക് വീണ്ടുമെത്തി. കാലാനുസൃത പരിഷ്കരണം നടത്തിയില്ല എന്ന് ചൂണ്ടിക്കാട്ടി സങ്കേതം ഒഴിവാക്കി ഐ.ബി.പി.എം.എസിനെ കയറ്റി.
കമ്പനിയുടെ മൂന്നാംവരവിൽ വൻകിടക്കാരെ ഒഴിവാക്കി സാധാരണക്കാരുടെ നിർമാണങ്ങളാണ് ഓൺലൈൻ പരിധിയിലാക്കിയത്. നേരേത്ത സ്വകാര്യ സോഫ്റ്റ്വെയർ നടപ്പാക്കിയ ഘട്ടങ്ങളിൽ നൽകിയ അപേക്ഷകൾ മാസങ്ങൾ കെട്ടിക്കിടന്നു. അപേക്ഷകർ ഓഫിസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടുകയും ചെയ്തു. വീണ്ടും കമ്പനി എത്തുമ്പോൾ ഇത് എത്രത്തോളം പരിഹരിക്കപ്പെടും എന്നതിലും വ്യക്തതയില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.