പരിശോധനയില്ലാതെ കെട്ടിട അനുമതി; നിർമാണ ചുമതല എംപാനൽ ലൈസൻസി/എൻജിനീയർക്ക്
text_fieldsതൃശൂർ: കോർപറേഷനുകളിലും നഗരസഭകളിലും വെറുതെ പ്ലാൻ വരച്ച് നൽകുന്നതിൽ ഒതുങ്ങിനിൽക്കില്ല ഇനി അംഗീകൃത എൻജിനീയർമാരുടെ ചുമതല. ചെറുകിട നിർമാണങ്ങൾക്ക് അപേക്ഷിച്ചാലുടൻ കെട്ടിട നിർമാണ അനുമതി (പെർമിറ്റ്) അനുവദിക്കുന്നത് ശനിയാഴ്ച മുതൽ നിലവിൽവന്നതോടെ അംഗീകൃത എൻജിനീയർമാർ എംപാനൽ ലൈസൻസി/എൻജിനീയർ വിഭാഗത്തിലേക്ക് മാറുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പുതിയ നിയമഭേദഗതി വഴി ബിനാമി നിർമാണ കരാറുകാരെ ഒഴിവാക്കാനാകുമെന്നും നഗരസഭ, കോർപറേഷൻ മേഖലയിലെ നിർമാണപ്രവർത്തനങ്ങൾക്ക് നിലവാരം വർധിപ്പിക്കാനാകുമെന്നുമാണ് സർക്കാറിന്റെ അവകാശവാദം.
കോർപറേഷനുകളിലെയും നഗരസഭകളിലെയും വീട് ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ (3228.17 ചതുരശ്ര അടി) വരെയുള്ള ചെറുകിട കെട്ടിട നിർമാണങ്ങളുടെ പെർമിറ്റിന് ഇനി എംപാനൽ ലൈസൻസി/എൻജിനീയർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. നിർമാണം പൂർത്തിയാകും വരെയുള്ള മുഴുവൻ ഉത്തരവാദിത്തവും ഈ ലൈസൻസിക്കായിരിക്കും. 2021ലെ കെട്ടിട നിർമാണ നിയമഭേദഗതിയിൽ എംപാനൽ ചെയ്യണമെന്ന് നിർദേശിച്ചിരുന്നെങ്കിലും അംഗീകൃത ലൈസൻസുള്ള എൻജിനീയർമാർ താൽപര്യം കാണിച്ചിരുന്നില്ല. ചട്ടലംഘനങ്ങൾ കണ്ടെത്തിയാൽ ഉദ്യോഗസ്ഥർ മാത്രം കുറ്റക്കാരാകുന്ന അവസ്ഥ മാറി രജിസ്ട്രേഡ് എൻജിനീയർ / സൂപ്പർവൈസർ / ആർക്കിടെക്റ്റും ഉടമയും ഉത്തരവാദി ആവുകയും പിഴ നൽകേണ്ടിയും വരും. ചട്ടലംഘനങ്ങൾക്ക് രണ്ട് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്നാണ് 2021ലെ കെട്ടിട നിർമാണ നിയമഭേദഗതിയിൽ പറയുന്നത്. വൈകാതെ പഞ്ചായത്തുകളിലും ഇതേരീതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിലെ നഗരസഭകള്‍ വർഷത്തിൽ ഏകദേശം 80,000 കെട്ടിട നിർമാണ അപേക്ഷയും ഗ്രാമപഞ്ചായത്തുകള്‍ ഒരുവര്‍ഷം ഏകദേശം 1,65,000 കെട്ടിട നിർമാണ അപേക്ഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതില്‍ ഏകദേശം രണ്ട് ലക്ഷം കെട്ടിടങ്ങളും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ അനുമതി നല്കാനാകുന്നവയാണെന്നാണ് സര്‍ക്കാർ വിലയിരുത്തല്‍. നിലവിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ സ്ഥലവും പ്ലാനും പരിശോധിച്ച് അനുമതിപത്രം തപാലിൽ അയച്ചുനൽകുന്ന രീതിയായിരുന്നു.
പലപ്പോഴും അധികരേഖകൾ ചോദിക്കുന്നതിനൊപ്പം അഴിമതി ആരോപണവും ഉയർന്നിരുന്നു. ഇത് കാലതാമസമുണ്ടാക്കുന്നതായ ആക്ഷേപത്തിന്റെ സാഹചര്യത്തിലാണ് ഭേദഗതി. പൊതുജനങ്ങൾക്ക് നൂലാമാലകളില്ലാതെ നിർമാണാനുമതി ലഭിക്കും. നിശ്ചിത ഫോറത്തിൽ അനുമതിക്ക് അപേക്ഷ നൽകിയശേഷം അത് ലഭിക്കും മുമ്പേ കെട്ടിട നിർമാണം തുടങ്ങാം. പുതിയ ഉത്തരവിനെതിരെ അംഗീകൃത എൻജിനീയർമാരിൽനിന്ന് ഇതിനകം എതിർപ്പ് ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.