നഗരസഭയുടെ അന്യായമായ കെട്ടിട നികുതി; യുവ സംരംഭകൻ ദുരിതത്തിൽ
text_fieldsതലശ്ശേരി: അടഞ്ഞുകിടക്കുന്ന കെട്ടിടത്തിന് 11 ലക്ഷത്തിലധികം രൂപ കെട്ടിട നികുതിയായി അടക്കണമെന്ന തലശ്ശേരി നഗരസഭയുടെ നിലപാട് വിവാദത്തിലേക്ക്. തലശ്ശേരി ചിറക്കര പള്ളിത്താഴയിലെ സി.കെ. അവന്യൂ എന്ന കെട്ടിടം വാടകക്കെടുത്ത യുവസംരംഭകൻ പി.വി. അനൂപാണ് നഗരസഭയുടെ മനുഷ്യത്വരഹിതമായ സമീപനത്താൽ ദുരിതത്തിലായത്.
കതിരൂർ സ്വദേശി സി.കെ. അബ്ദുൽ മജീദിന്റേതാണ് കെട്ടിടം. 2006ൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് പ്രസ്തുത കാലയളവിൽ നിയമവിധേയമായി നഗരസഭയിൽ നികുതി അടച്ചുവന്നതാണ്. 2008ൽ അന്നത്തെ സർക്കാർ കൊണ്ടുവന്ന ഉത്തരവ് പ്രകാരം 2008 മുതൽ 2018 വരെ വേക്കൻസി റമിഷന് അപേക്ഷ സമർപ്പിക്കുകയും ഇത് പരിഗണിച്ച് വേക്കൻസി റമിഷൻ അനുവദിച്ചതുമാണ്.
ഇതിനിടയിലാണ് യുവസംരംഭകനായ പി.വി. അനൂപ് കെട്ടിടം വാടകക്കെടുത്തത്. 2019ൽ പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായാണ് പുതുതായി 11 നമ്പറുകൾകൂടി എടുത്ത് 20 നമ്പറുകൾ കെട്ടിടത്തിനുണ്ടായത്. ആ വർഷം കെട്ടിടത്തിന് നികുതി അടച്ചിട്ടുണ്ട്.
2020-21 വർഷത്തിൽ കൊറോണ പടർന്ന സാഹചര്യത്തിൽ വേക്കൻസി റമിഷന് അപേക്ഷിക്കാൻ സംരംഭകന് സാധിച്ചില്ല. ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് വേക്കൻസി റമിഷൻ പരിഗണിക്കണമെന്ന് കോടതി ഉത്തരവുണ്ടായി.
എന്നാൽ, കോടതി ഉത്തരവ് നടപ്പാക്കാൻ നഗരസഭ കൂട്ടാക്കിയില്ല. കെട്ടിടത്തിലെ മുഴുവൻ മുറികളും പ്രവർത്തിക്കുന്നില്ലെന്ന് റവന്യു ഇൻസ്പെക്ടർ നടത്തിയ പരിശോധനയിലും നഗരസഭക്ക് ബോധ്യപ്പെട്ടതാണ്. 2021-22 വർഷ കാലയളവിൽ പ്രസ്തുത കെട്ടിടത്തിന് വേക്കൻസി റമിഷന് നിയമാനുസൃതം അർഹതയുണ്ട്.
എന്നാൽ, 2020-21, 22 വർഷത്തെ കെട്ടിട നികുതി 11 ലക്ഷത്തിലധികം രൂപ അന്യായമായി നഗരസഭ അടിച്ചേൽപിക്കുകയാണെന്ന് സംരംഭകനായ പി.വി. അനൂപ് പറഞ്ഞു.
എന്നാൽ, കെട്ടിടം പൂട്ടിക്കിടന്ന കാര്യം അറിയിച്ചില്ലെന്നും കെട്ടിടം അനധികൃതമാണെന്നുമാണ് നഗരസഭയുടെ ഇപ്പോഴത്തെ വാദം. കെട്ടിടം അനധികൃതമാണെങ്കിൽ നഗരസഭ സെക്രട്ടറി നികുതി അടക്കാൻ നോട്ടീസ് നൽകിയത് എന്തിനാണെന്നാണ് സംരംഭകന്റെ ചോദ്യം.
17 വർഷമായി അടഞ്ഞുകിടന്ന കെട്ടിടത്തിന് ഭീമമായ സംഖ്യ അടക്കാൻ നഗരസഭ നോട്ടീസ് നൽകിയ വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ പരാമർശം ഉയർന്നിരുന്നു. പ്രതിപക്ഷ കൗൺസിലർമാരാണ് യോഗത്തിൽ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നത്.
എന്നാൽ, തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് നഗരഭരണാധികാരികളിൽനിന്നുണ്ടായതെന്ന് അനൂപ് പറഞ്ഞു. വിഷയം തദ്ദേശ സ്വയംഭരണ മന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ട്. പെർമിറ്റും ഒക്യുപൻസിയും നമ്പറുമുള്ളതാണ് കെട്ടിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.