കെട്ടിട നികുതി ഓര്‍ഡിനന്‍സ് അസാധുവായി; കോടികൾ സ്വരൂപിക്കാനുള്ള സർക്കാർ നീക്കം പാളി
text_fieldsതിരുവനന്തപുരം: ഒറ്റത്തവണ കെട്ടിടനികുതി പിഴയിലൂടെ കോടികൾ പിരിച്ചെടുക്കാൻ കൊണ്ടുവന്ന ഓർഡിനൻസിന് നിയമപ്രാബല്യം നഷ്ടമായത് സർക്കാറിന് തിരിച്ചടിയായി. ഓർഡിനൻസിനൊപ്പം നിയമസഭസമ്മേളനം കൂടി വിളിക്കാനുള്ള ശിപാർശയിലും ഗവർണർ ഒപ്പിട്ടതോടെയാണ് ഓർഡിനൻസ് അസാധുവായത്. ജൂലൈ 12ലെ മന്ത്രിസഭയോഗമാണ് പിഴത്തുക ഉയര്‍ത്തുന്നതിന് കേരള കെട്ടിടനികുതി നിയമ (ഭേദഗതി) ഓര്‍ഡിനന്‍സിന് ശിപാര്‍ശ നൽകിയത്.
തുടർന്ന് ജൂലൈ 19ലെ മന്ത്രിസഭ യോഗം നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാനും ഗവർണറോട് ശിപാര്‍ശ ചെയ്തിരുന്നു. ഗവര്‍ണര്‍ കഴിഞ്ഞദിവസം രാജ്ഭവനില്‍ മടങ്ങിയെത്തിയ ശേഷമാണ് ഈ ഫയലുകൾ പരിഗണിച്ചത്. രണ്ടിലും ഒന്നിച്ച് ഗവർണർ ഒപ്പിടുകയും ചെയ്തു. ഗവർണർ ഒപ്പിട്ടെങ്കിലും നിയമസഭ സമ്മേളനം തീരുമാനിച്ച സാഹചര്യത്തില്‍ ഓർഡിനൻസിന്റെ നിയമപ്രാബല്യം നഷ്ടമായി. ഒന്നുകിൽ ഓർഡിനൻസ് നേരത്തേ ഗവർണർക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങണമായിരുന്നു.
ഇതോടെ ഓർഡിനൻസ് ബില്ലായി കൊണ്ടുവരുക മാത്രമാണ് സർക്കാറിന് മുന്നിലെ പോംവഴി. ആഗസ്റ്റ് ഏഴിന് ആരംഭിച്ച് 24 വരെ ക്രമീകരിച്ചിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഇത് ബില്ലായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഒട്ടേറെ നടപടികൾ പൂർത്തിയാക്കണം.
ശേഷിക്കുന്ന ദിവസങ്ങൾകൊണ്ട് അതിനു കഴിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കെട്ടിടനികുതി തെറ്റായി രേഖപ്പെടുത്തി ഒറ്റത്തവണ നികുതി നല്‍കിയവരില്‍നിന്നാണ് 50 ശതമാനം പിഴത്തുക ഈടാക്കാൻ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് ഇത്തരത്തിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾ ഉണ്ടെന്നും ഈടാക്കുന്ന പിഴത്തുക വഴി റവന്യൂ വകുപ്പിന് വലിയ വരുമാനം ഉണ്ടാക്കാനാകുമെന്നും കണക്കുകൂട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.