വേണ്ട, ‘പ്രതികാര നീതി’
text_fieldsന്യൂഡൽഹി: നിയമവാഴ്ചയെ നോക്കുകുത്തിയാക്കി ‘ബുൾഡോസർ നീതി’ നടപ്പാക്കുന്നത് സുപ്രീംകോടതി ഒക്ടോബർ ഒന്നുവരെ തടഞ്ഞു. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ വ്യക്തികളുടെ വീടുകളും കെട്ടിടങ്ങളും അധികൃതർ പൊളിക്കരുതെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പൊതുതെരുവുകൾ, നടപ്പാതകൾ, റെയിൽവേ പാതകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ചട്ടങ്ങളെല്ലാം കാറ്റിൽപറത്തി, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറ്റാരോപിതരുടെ കെട്ടിടങ്ങളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് വ്യാപകമായി പൊളിച്ചുനീക്കൽ തുടരുന്നതിനിടെയാണ് സുപ്രീംകോടതി ഇടപെടൽ. കേസ് ഒക്ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും.
നിയമപരമായി അധികാരമുള്ളവരുടെ കൈകൾ ഇത്തരത്തിൽ കെട്ടിയിടരുതെന്ന് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇടക്കാല ഉത്തരവിനെ എതിർത്ത് വാദിച്ചു. ഇടിച്ചുനിരത്തൽ രണ്ടാഴ്ച നിർത്തിവെച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് തുഷാർ മേത്തക്ക് ജസ്റ്റിസ് ഗവായ് മറുപടി നൽകി.
ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നും അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതിനുള്ള അധികാര ദുർവിനിയോഗം തടയാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ കോടതി ഉദ്ദേശിക്കുന്നുവെന്നും ജസ്റ്റിസ് ഗവായി വ്യക്തമാക്കി. 2022ൽ ഡൽഹിയിലെ ജഹാംഗീർപുരിയിൽ കലാപത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ വീടുകൾ ഇടിച്ചുനിരത്തിയത് ചോദ്യം ചെയ്ത് ജംഇയ്യതുൽ ഉലമായേ ഹിന്ദ് ഉൾപ്പെടെയുള്ളവർ നൽകിയ ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതി നടപടി.
ഇത്തരം പൊളിക്കലുകൾ നിയമവിരുദ്ധമാണെന്നും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണെന്നുമുള്ള തെറ്റായ ആഖ്യാനമാണ് കോടതിയെ സ്വാധീനിക്കുന്നതെന്ന് മേത്ത വാദിച്ചു. നിയമവിരുദ്ധതയുടെ ഒരു ഉദാഹരണം അവർ കൊണ്ടുവരട്ടെ, ഉത്തരം നൽകാം. ഹരജിയിൽ ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നത് നീട്ടിവെക്കണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. എന്നാൽ, ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ സ്റ്റേ ചെയ്യുകയാണെന്നും നിയമവിരുദ്ധമായി പൊളിക്കുന്ന ഒരു സംഭവമുണ്ടായാല് പോലും അത് ഭരണഘടനയുടെ ധാര്മികതക്ക് എതിരാണെന്നും ജസ്റ്റിസ് വിശ്വനാഥന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.