പ്രചാരണത്തിൽ ഈ കാളവണ്ടികൾ 'സൂപ്പർ സ്റ്റാർ'
text_fieldsനെടുങ്കണ്ടം: വിമാനവും ഹെലികോപ്ടറും കാറും ജീപ്പുമൊക്കെ ഉപയോഗിച്ച് അതിവേഗത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന കാലത്ത് പഴയകാല ഓർമകൾ പുതുക്കി കാളവണ്ടിയും രംഗത്ത്. അത്യാധുനിക വാഹനങ്ങൾക്കില്ലാത്ത ശ്രദ്ധയാണ് കാളവണ്ടിക്ക് ലഭിക്കുന്നത്.
കാൽനൂറ്റാണ്ട് മുമ്പുവരെ ചെമ്മൺ പാതകളിലൂടെ രാത്രിയിൽപോലും അരണ്ടവെളിച്ചവുമായി വാണിജ്യമേഖലയെ പുളകമണിയിച്ചിരുന്ന കാളവണ്ടികളുടെ മടങ്ങിവരവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊഴുപ്പേകാനാണ്. പാലക്കാട്ടുനിന്ന് കൊണ്ടുവന്നതാണ് ഈ പുതുപുത്തൻ കാളവണ്ടികൾ.
വർഷങ്ങൾക്ക് ശേഷമാണ് കമ്പംമെട്ടിെൻറ നിരത്തുകളിൽ മണികിലുക്കി കാളവണ്ടികളോടുന്നത്. കാളവണ്ടി ടൗണിലെത്തിയത് പുതുതലമുറക്കും കുരുന്നുകൾക്കും കൗതുകകാഴ്ചയായി. ചേറ്റുകുഴി കാവിൽ ജോസിെൻറ (54) വകയാണ് കാളവണ്ടി. മുമ്പ് ഇവർക്ക് സ്വന്തമായി ആറ് കാളവണ്ടികൾ ഉണ്ടായിരുന്നു. ഇടക്കാലത്ത് നിർത്തിയെങ്കിലും നാലുവർഷം മുമ്പ് ഗൂഡല്ലൂരിൽനിന്ന് രണ്ട് കാളകളെ വാങ്ങി.
മണിയനും കണ്ണനും. ലോക്ഡൗണിൽ വാങ്ങിയ കാളകൾക്ക് പേരിട്ടിട്ടില്ല. ഇവർക്ക് ഉടൻ പേരിടാനുള്ള ഒരുക്കത്തിലാണ് കഴിഞ്ഞദിവസം പാലക്കാട്ടുനിന്ന് 2.2 ലക്ഷം രൂപ മുടക്കി കാളവണ്ടിയും വാങ്ങി. ഇപ്പോൾ സ്വന്തമായി രണ്ടുജോടി കാളകളും വണ്ടികളുമുണ്ട്. വർഷങ്ങൾ മുമ്പ് തമിഴ്നാട്ടിൽനിന്ന് അരിയും പലചരക്ക് സാധനങ്ങളും എത്തിച്ചിരുന്നതും ജില്ലയിൽനിന്ന് ഏലം, കുരുമുളക്, കാപ്പി എന്നിവ തമിഴ്നാട്ടിലേക്ക് െകാണ്ടുപോയതും കാളവണ്ടിയിലാണ്.
എന്നാൽ, ഇപ്പോൾ കാളവണ്ടി എത്തിച്ചത് പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചാരണം, വിവാഹ ഫോട്ടോ ഷൂട്ട്, സിനിമ ഷൂട്ടിങ്, ടൂറിസ്റ്റുകളുടെ യാത്ര എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കാണ്.
ഒരു ജോടി കാളകൾക്ക് ദിവസം 300 രൂപയാണ് ചെലവ്. പരുത്തിപ്പിണ്ണാക്ക്, പെല്ലറ്റ്, പരുത്തിക്കുരു, ചോളം എന്നിവയാണ് ഭക്ഷണമായി നൽകുന്നത്. ജോസിെൻറ കാളവണ്ടികൾക്ക് സിനിമയിൽ അഭിനയിക്കാനും ക്ഷണമെത്തിയിട്ടുണ്ട്. കൊറോണക്കാലമായതിനാലാണ് ഷൂട്ടിങ് നടക്കാതെ വന്നത്. ജോലികൾ ഇല്ലാത്ത സമയം നിലമുഴുകാനും കാളകളെ ഉപയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.