ആറ് കോടിയുടെ വിശ്വാസ്യത; സ്മിജയ്ക്ക് കമീഷനായി 51 ലക്ഷം
text_fieldsപിറവം: കേരള ലോട്ടറിയുടെ ആറ് കോടിയുടെ ഒന്നാംസമ്മാനമടിച്ച ടിക്കറ്റ് ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ചയാൾക്ക് കൈമാറി സത്യസന്ധതയുടെ പ്രതിരൂപമായ ലോട്ടറി തൊഴിലാളി സ്മിജക്ക് കമീഷനായി ലഭിച്ചത് 51 ലക്ഷം രൂപ. ഫോർച്യൂൺ ലോട്ടറീസിന് കീഴിലെ പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്നായിരുന്നു സ്മിജ വിൽപ്പനക്കായി ടിക്കറ്റ് വാങ്ങിയത്. ഫോർച്യൂൺ ലോട്ടറീസ് ഉടമ ശശിബാലനും ഭാര്യ സൈനയും ചേർന്ന് കമീഷൻ തുക സ്മിജക്ക് നൽകുകയായിരുന്നു. ഏജൻസി ഉടമക്ക് കമീഷനായി ലഭിച്ച 60 ലക്ഷം രൂപയിൽ നിന്ന് നികുതി കഴിച്ചുള്ള തുകയാണ് സ്മിജക്ക് നൽകിയത്.
കഴിഞ്ഞ മാർച്ചിലായിരുന്നു സ്മിജ മറ്റൊരാൾക്ക് പറഞ്ഞുറപ്പിച്ച ടിക്കറ്റിന് ആറ് കോടിയുടെ ബംബർ സമ്മാനം അടിച്ചത്. ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുമ്പിലാണ് സ്മിജ കെ. മോഹൻ ലോട്ടറി വിൽപന നടത്തുന്നത്. സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചക്കംകുളങ്ങര പാലച്ചുവട്ടിൽ പി.കെ. ചന്ദ്രൻ എന്നയാൾ ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ച 200 രൂപയുടെ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. തന്‍റെ കൈയിലുള്ള ടിക്കറ്റിന് ബംബർ അടിച്ചപ്പോൾ ചന്ദ്രന് വീട്ടിലെത്തി സമ്മാനാർഹമായ ടിക്കറ്റ് കൈമാറാൻ സ്മിജ രണ്ടാമതൊന്ന് ആലോചിച്ചതേയില്ല.
'ഞാൻ വലിയൊരു കാര്യം ചെയ്തതായി തോന്നുന്നില്ല. കടം പറഞ്ഞവർക്ക് സമ്മാനമടിച്ചാൽ ടിക്കറ്റ് കൊടുക്കും. പണ്ടേ അങ്ങിനെയാണ്. അതിനിയും തുടരും' -സ്മിജ അന്ന് പറഞ്ഞത് ഇങ്ങനെ.
സ്മിജയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കഥയറിയുേമ്പാളാണ് ഈ നന്മക്ക് മധുരം കൂടുന്നത്. ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭർത്താവ് രാജേശ്വരനും. മൂത്തമകന്‍ ജഗന്‍ (12) തലച്ചോറിന് രക്തം കട്ടപിടിക്കുന്ന രോഗത്തിന് ചികിത്സയിലാണ്. രണ്ടാമത്തെ മകന്‍ ലുെഖെദിന് (രണ്ടര വയസ്) രക്താര്‍ബുദമെന്ന് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് മാറി.
രണ്ടാമത്തെ കുട്ടിക്കു കാൻസർ വന്നതോടെയാണ് സ്മിജയ്ക്കു ജോലിക്കു പോകാൻ കഴിയാതായത്. മൂത്ത മകന്‍റെ ചികിത്സയ്ക്കു മുൻകൂട്ടി പറയാതെ അവധി എടുത്തതിനാൽ രാജേശ്വരനും ജോലി നഷ്ടമായി. ഇതോടെയാണ് ഇരുവരും ലോട്ടറി കച്ചവടത്തിലേക്കിറങ്ങിയത്. പട്ടിമറ്റം വലമ്പൂരില്‍ െലെഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും കുടുംബവും താമസിക്കുന്നത്.
നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും ടിക്കറ്റുകൾ വിറ്റുപോകാതെ വന്നതോടെയാണ് സ്മിജ സ്ഥിരം എടുക്കുന്നവരെ വിളിച്ച് ടിക്കറ്റ് വേണോെയന്ന് ചോദിക്കുന്നത്. കൈവശമുള്ള 12 ടിക്കറ്റുകളുടെ നമ്പറുകൾ സ്മിജ ഒന്നൊന്നായി പറഞ്ഞപ്പോൾ അതിൽ നിന്ന് ഒരെണ്ണം തനിക്കുവേണ്ടി മാറ്റിവെക്കാൻ ചന്ദ്രൻ പറയുകയായിരുന്നു. ടിക്കറ്റ് വിലയായ 200 രൂപ പിന്നെ തരാമെന്നും പറഞ്ഞു. ഫലം വന്നപ്പോളാണ് ഈ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിയുന്നത്. അപ്പോൾ തന്നെ ഭർത്താവ് രാജേശ്വരനൊപ്പം ചന്ദ്രന്‍റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.
കീഴ്മാട് ഡോണ്‍ ബോസ്‌കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുന്ന ചന്ദ്രന്‍ 15 വർഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ്. മൂത്തമകളുടെ വീടുപണി, രണ്ടാമത്തെ മകളുടെ വിവാഹം, മകന്‍റെ ബി.ടെക് പഠനം തുടങ്ങിയ ആവശ്യങ്ങൾക്ക് പണം ചെലവഴിക്കുമെന്ന് ചന്ദ്രൻ പറഞ്ഞു. നികുതി കഴിഞ്ഞു 4 കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിക്കുക.
2011ലാണ് സ്മിജയും ഭർത്താവും രാജഗിരി ആശുപത്രിക്കു സമീപം ലോട്ടറി തട്ട് ഇടുന്നത്. രണ്ടര വർഷം മുമ്പ് ഇവർ ടിക്കറ്റ് വിൽപനയ്ക്കായി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. 213 അംഗങ്ങളുള്ള ഈ ഗ്രൂപ് വഴിയാണ് ചന്ദ്രൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ഓരോ ലോട്ടറിയും ഇറങ്ങുമ്പോൾ തന്‍റെ പക്കലുള്ള നമ്പറുകൾ സ്മിജ വാട്സാപ്പിൽ ഇടുകയും ആവശ്യക്കാർ അതു നോക്കി ഇഷ്ടമുള്ള നമ്പർ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.ലോട്ടറി തട്ടിൽ ഇരിക്കുന്നതു രാജേശ്വരനാണ്. സ്മിജ ടിക്കറ്റ് കൊണ്ടുനടന്നു വിൽക്കും. രണ്ട് മക്കളും അമ്മയും രോഗികളായതിനാൽ രാവിലെ ഏഴിന് ആരംഭിക്കുന്ന കച്ചവടം ഉച്ചകഴിഞ്ഞ് മൂന്നിന് ഇവർ അവസാനിപ്പിക്കും. പിന്നെയാണ് വാട്സാപ് വഴിയുള്ള വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.