ബുർവി ലങ്കൻ തീരം തൊട്ടു; തെക്കൻ കേരളത്തിന് റെഡ് അലേർട്ട്, ജാഗ്രത
text_fieldsകോഴിക്കോട്: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ബുർവി' ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ 11 കി.മീ വേഗതയിൽ പടിഞ്ഞാറ് ദിശയിലാണ് കാറ്റിന്‍റെ സഞ്ചാരപഥം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കന്യാകുമാരിയിൽ നിന്ന് ഏകദേശം 320 കി.മീ ദൂരത്തിലാണ് കാറ്റ്.
കാറ്റിന്‍റെ പശ്ചാത്തലത്തിൽ തെക്കൻ കേരളം- തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ റെഡ് അലേർട്ട് നൽകി. ഇന്ന് അർധരാത്രിയോടെ കാറ്റ് തമിഴ്‌നാട് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിസംബർ നാലിന് കേരളത്തിൽ പ്രവേശിക്കുമ്പോൾ കാറ്റിന് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറുമെന്നാണ് പ്രവചനം. അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ നിർദേശം നൽകിക്കഴിഞ്ഞു.
കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചു. ഡിസംബർ മൂന്നിനും നാലിനും കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.