വീശാതെ ബുറെവി
text_fieldsതിരുവനന്തപുരം: ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ബുറെവി ചുഴലിക്കാറ്റ് കേരളത്തിലെത്തിയില്ല. തീവ്ര ന്യൂനമർദമായി കന്യാകുമാരിയിൽനിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ കടലിൽ ചുറ്റിത്തിരിയുന്ന ബുറെവി ശനിയാഴ്ചയോടെ രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ പതുക്കെ സഞ്ചരിച്ച് ന്യൂനമർദമായി അറബിക്കടലിൽ കെട്ടടങ്ങുമെന്നാണ് കരുതുന്നത്. ന്യൂനമർദത്തിെൻറ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥവകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്.
ന്യൂനമർദം വീണ്ടും ശക്തിപ്രാപിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
തെക്കൻ തമിഴ്നാട്ടിൽനിന്ന് അതിതീവ്ര ന്യൂനമർദമായി വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് പ്രവേശിക്കുമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. ജാഗ്രതയായി വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സംസ്ഥാന സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തമിഴ്നാട് തീരത്ത് പ്രവേശിക്കുന്നതിന് മുേമ്പ ശക്തി കുറഞ്ഞതോടെ 12 മണിക്കൂറായി രാമനാഥപുരത്തുതന്നെ ചുറ്റിത്തിരിയുകയാണ്. തമിഴ്നാടിെൻറ തെക്കൻ ഭാഗങ്ങളിൽ 48 മണിക്കൂറായി ശക്തമായ മഴയാണ്.
ന്യൂനമർദം കേരളത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ശനിയാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ന്യൂനമർദത്തിൽ കാറ്റിെൻറ വേഗം മണിക്കൂറിൽ 30-40 കി.മീറ്റർ മാത്രമായിരിക്കും. ഡിസംബർ ആറു വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെ മിന്നലിന് സാധ്യത കൂടുതലാണ്. ചിലപ്പോൾ രാത്രി വൈകിയും തുടർന്നേക്കാം. മലയോരമേഖലയിൽ മിന്നൽ സജീവമാകാനാണ് സാധ്യത.
ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികളെ കളിക്കാൻ വിടുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കാറ്റിെൻറ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മത്സ്യബന്ധന നിരോധനം തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വിലക്ക് എല്ലാ മത്സ്യബന്ധന യാനങ്ങൾക്കും ബാധകമാണ്. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയവരെ ശനിയാഴ്ചത്തെ സ്ഥിതി കൂടി വിലയിരുത്തിയശേഷം വീടുകളിലേക്ക് അയക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.