ആനക്കയത്ത് അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണവും പണവും നഷ്ടമായി
text_fieldsമഞ്ചേരി: ആനക്കയത്ത് അടച്ചിട്ട വീട്ടിൽ വീണ്ടും മോഷണം. അയനിക്കുണ്ടിൽ ചക്കാലക്കുന്നൻ സുബൈദയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സുബൈദയും കുടുംബവും മകളുടെ വീട്ടിലേക്ക് പോയ സമയത്താണ് മോഷണം.
വീടിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. പിന്നീട് അലമാരകൾ തുറന്ന് സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് നശിപ്പിച്ചു. വാതിലുകളും തകർത്തു. വീടിനകത്ത് സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായി.
വെള്ളിയാഴ്ച രാവിലെ വാതിലുകൾ തുറന്നിട്ടത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കുടുംബത്തെ വിവരമറിയിച്ചത്. പിന്നീട് മഞ്ചേരി െപാലീസെത്തി പരിശോധന നടത്തി.
മോഷ്ടാക്കൾ വിലസുന്നു; ഒരു മാസത്തിനിടെ നാലാം തവണ
മഞ്ചേരി: ആനക്കയം ഭാഗങ്ങളിൽ മോഷണം വർധിക്കുന്നു. ഒരു മാസത്തിനിടെ നാലാം തവണയാണ് മോഷണം നടന്നത്. പ്രധാനമായും അടച്ചിട്ട വീടുകളും സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടുകളും കേന്ദ്രീകരിച്ചാണ് മോഷണം. കഴിഞ്ഞ ദിവസം അയനിക്കുണ്ടിലാണ് അവസാനമായി മോഷണം നടന്നത്.
പണവും സ്വർണവും മോഷ്ടിച്ചു. വീട്ടിൽ ആളില്ലാത്ത തക്കം നോക്കിയാണ് മോഷ്ടാക്കളെത്തിയത്. നേരത്തെ പ്രദേശവും പരിസരവും വീക്ഷിച്ച് ആളില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് മോഷണം.
ഫെബ്രുവരി ആദ്യത്തിൽ അയനിക്കുണ്ടിൽ കുന്നത്താടി കുഞ്ഞുവിെൻറ വീട്ടിൽ മോഷണം നടന്നിരുന്നു. വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. പിന്നീട് ആനക്കയം പാലത്തിന് സമീപം ചക്കാലക്കുന്നൻ സുഹറയുടെ വീട്ടിലും മോഷണം നടന്നു. തനിച്ച് താമസിക്കുന്ന ഇവർ മകളുടെ വീട്ടിൽപോയ സമയത്താണ് മോഷ്ടാക്കളെത്തിയത്. അതിന് ശേഷം പ്രദേശത്തെ മറ്റൊരു വീട്ടിൽ മോഷണ ശ്രമവും നടന്നു.
ഈ വീട്ടിലും ആളില്ലായിരുന്നു. അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. മോഷണം തടയാൻ രാത്രി സമയങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.