പൊലീസ് വേഷത്തിൽ കാർ തടഞ്ഞ് കവർന്നത് മുക്കാൽ കോടി; ആസൂത്രകൻ കാറിൽ തന്നെ
text_fieldsതക്കല: തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാതയില്‍ കാരവിളയില്‍ പൊലീസ് വേഷത്തിലെത്തിയവർ കാർ തടഞ്ഞ് പണം കവർന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 15 മണിക്കൂറിനകം മോഷണം നടത്തിയവരെയും ആസൂത്രകരെയും പിടികൂടിയതായി കന്യാകുമാരി എസ്.പി. ഭദ്രിനാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം സ്വദേശികളായ സുരേഷ്‌കുമാര്‍, കണ്ണന്‍ എന്ന അഖില്‍, രാജേഷ്‌കുമാര്‍, മനു എന്ന സജിന്‍കുമാര്‍, പണവുമായി കാറില്‍ പോയ ജൂവലറി ജീവനക്കാരന്‍ ഗോപകുമാര്‍ എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. മോഷണത്തിന് പദ്ധതി തയ്യാറാക്കി മറ്റുള്ളവരെ വിളിച്ചു വരുത്തിയത് ഗോപകുമാറാണെന്ന് പൊലീസ് പറഞ്ഞു.
നെയ്യാറ്റിന്‍കര കേരള ഫാഷന്‍ ജൂവലറി ഉടമ സമ്പത്തിന്‍റെ കാറില്‍ നാഗര്‍കോവില്‍ ഭാഗത്ത് നിന്ന് പണവുമായി മടങ്ങുന്ന കാറാണ് കവർച്ച ചെയ്തത്. സ്വര്‍ണ്ണം വിറ്റ് സമാഹരിച്ച 76.4 ലക്ഷം രൂപയുമായി മടങ്ങുകയായിരുന്ന കാർ കേരള പൊലീസിന്‍റെ യൂനിഫോം ധരിച്ച സംഘം മറ്റൊരു കാറിലെത്തി തടയുകയായിരുന്നു. ശേഷം പണം കവർന്ന് സ്ഥലം വിട്ടു.
തക്കല പൊലീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കവർന്ന പണവും കേരള പൊലീസ് യൂനിഫോമും കവർച്ചക്കുപയോഗിച്ച വാഹനവും പ്രത്യേക പൊലീസ് സംഘം പിടികൂടിയതായി കന്യാകുമാരി എസ്.പി.ഭദ്രിനാരായണന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.