സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ; അറസ്റ്റിലായ ആർ.എസ്.എസുകാർക്ക് പങ്കെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: കുണ്ടമൺകടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകർക്ക് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൽ പങ്കുണ്ടെന്ന് പൊലീസ്. കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകാശന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ആശ്രമം കത്തിക്കൽ കേസിലും ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
കുണ്ടമൺകടവ് സ്വദേശികളായ കൃഷ്ണകുമാർ, സതികുമാർ, ശ്രീകുമാർ, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ രണ്ടുദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേകന്വേഷണസംഘം ആവശ്യപ്പെട്ടു. 20, 21 തീയതികളിൽ പ്രതികളുമായി തെളിവെടുപ്പും ചോദ്യംചെയ്യലും നടത്താനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. അതേസമയം പ്രതികൾ നൽകിയ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. 21ന് കേസ് പരിഗണിക്കുന്നതിനൊപ്പം ജാമ്യ ഹരജിയും എടുക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇവരെ ചോദ്യംചെയ്യുന്നതോടെ ആശ്രമം കത്തിച്ച കേസിൽ വ്യക്തത വരുകയാണെങ്കിൽ അത് പൊലീസിനും സർക്കാറിനും നേട്ടമാണ്. സംഭവമുണ്ടായി നാലുവർഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.