ദേശീയപാതയിൽ ബസ് ബൈക്കിനുമേൽ മറിഞ്ഞ് യാത്രികൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്
text_fieldsകൊച്ചി: ഇടപ്പള്ളി - അരൂർ ദേശീയ പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് ബൈക്ക് യാത്രികൻ ദാരുണമായി മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ (33) ആണ് മരിച്ചത്. ബസിൽ സഞ്ചരിച്ച നിരവധി പേർക്ക് പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിൽ ട്രാഫിക് സിഗ്നലിലാണ് അപകടം. ബസ് ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. ബസ് സാമാന്യം വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബംഗളൂരുവിൽനിന്ന് വർക്കലക്ക് പോവുകയായിരുന്ന എൻഎൽ 01 ജി 2864 റജിസ്ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്. റെഡ് സിഗ്‍നൽ വന്നതോടെ നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിർത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ബൈക്ക് യാത്രികൻ മരണത്തിനു കീഴടങ്ങി. 12 പേരാണ് ചികിൽസയിലുള്ളതെന്നും ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നുമാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.