തീർഥാടകരുടെ ബസ് മറിഞ്ഞ് 43 പേർക്ക് പരിക്ക്; കുട്ടിയുടെ നില ഗുരുതരം
text_fieldsവടശ്ശേരിക്കര: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയിൽനിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 43 പേർക്ക് പരിക്ക്. ശബരിമല പാതയിലെ ളാഹ വിളക്കുവഞ്ചിക്കു സമീപത്ത് ശനിയാഴ്ച രാവിലെ 8.30ഓടെയാണ് ആന്ധ്ര വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞത്. 44 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 43 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണികണ്ഠൻ (എട്ട്), രാജശേഖരൻ (33), ഗോപി (33), രാജേഷ്(35), തരുൺ (23) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ടു വയസ്സുകാരൻ മണികണ്ഠന്റെ നില അതിഗുരുതരമാണ്. കരളിനും ശ്വാസകോശത്തിനും ശസ്ത്രക്രിയ വേണ്ടിവന്ന കുട്ടിയുടെ നില മെച്ചപ്പെട്ടതായും ഐ.സി.യുവിൽ 72 മണിക്കൂർ നിരീക്ഷണത്തിലാണെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ള ഏഴുപേരുടെ പരിക്കും സാരമുള്ളതാണ്. അപകടത്തിൽ മൂന്നുപേർ ബസിനടിയിൽപെട്ടിരുന്നു. ഏഴുപേർ ബസിനുള്ളിലും കുടുങ്ങി. ഇതുവഴി സഞ്ചരിക്കുകയായിരുന്ന സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവും നാട്ടുകാരും ചേർന്നാണ് ആദ്യ രക്ഷാപ്രവർത്തനം നടത്തിയത്. വൈകാതെ പൊലീസ്, ഫയര്‍ഫോഴ്സ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തി രക്ഷാപ്രവർത്തനം നടത്തി.
മന്ത്രി വീണ ജോർജും ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും ചികിത്സക്കും സൗകര്യങ്ങളൊരുക്കി. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, നിലക്കൽ സ്പെഷല്‍ ഓഫിസര്‍ ഹേമലത എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.