'മിനിമം ദൂരം': ഫെയർ സ്റ്റേജ് അപാകത രൂക്ഷമാകും, ചെലവേറും
text_fieldsതിരുവനന്തപുരം: ഓർഡിനറികളിൽ മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്ററായി നിലനിർത്തിയുള്ള പുതിയ ബസ് ചാർജ് വർധന മിനിമം ദൂരത്തിൽ മാത്രമല്ല എല്ലാ ഫെയറുകളിലും നിരക്കുയരലിന് വഴിവെക്കും. കോവിഡ് കാലത്ത് പ്രതിസന്ധിയുടെ പേരിലാണ് മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് 2.5 കിലോമീറ്ററായി കുറച്ചത്. കോവിഡ് കാല വർധനയെല്ലാം പിൻവലിെച്ചന്ന് അവകാശപ്പെടുന്ന ഗതാഗത മന്ത്രി പക്ഷേ മിനിമം നിരക്കിന്‍റെ കാര്യത്തിൽ ബോധപൂർവം മൗനം തുടരുകയാണ്. ജനജീവിതവും പൊതുഗതാഗതവും സാധാരണ നിലയിലായ കാലത്തും 2.5 കിലോമീറ്റർ നിലനിർത്തിയുള്ള ചാർജ് വർധനയാണ് ഫെയർസ്റ്റേജ് അപാകത രൂക്ഷമാക്കുക.
കോവിഡ് വർധന മാറ്റിനിർത്തിയാൽ 2018 ലാണ് അവസാനമായി ബസ് ചാർജ് കൂട്ടിയത്. മിനിമം ദൂരം 2.5 കിലോമീറ്ററായി ചുരുങ്ങുന്നതോടെ 2018 ൽ ഓർഡിനറികളിൽ 12 രൂപ നൽകി യാത്ര ചെയ്തയാൾ ഇനി 18 രൂപ നൽകണം. ആറ് രൂപയാണ് ഒറ്റയടിക്ക് കൂടുക. 2018 ൽ 19 രൂപക്ക് യാത്ര ചെയ്തിരുന്ന ദൂരം താണ്ടാൻ ഇനി നൽകേണ്ടത് 28 രൂപയാണ്. എല്ലാ സ്റ്റേജുകളിലും ഈ പ്രശ്നമുണ്ട്. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം കുറക്കാൻ ബസുടമകൾ ആവശ്യപ്പെട്ടിരുന്നില്ല. ഓര്‍ഡിനറി ബസുകളിലെ യാത്രക്കാരില്‍ 60 ശതമാനത്തില്‍ അധികവും ചുരുങ്ങിയ ദൂരത്തിൽ യാത്ര ചെയ്യുന്നവരാണ്. ബസില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നതും മിനിമം ടിക്കറ്റാണ്. ഫെയര്‍സ്റ്റേജിലെ അപാകം പരിഹരിക്കാന്‍ തയാറാകാത്തത് യാത്രക്കാര്‍ക്ക് വലിയ ബാധ്യതയാകും.
മിനിമം ചാർജിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഓർഡിനറികളിൽ ഇനി ഒരു രൂപ വീതമാണ് ഈടാക്കുക. 2018 ലെ വർധന അടിസ്ഥാനപ്പെടുത്തിയാൽ ഇതിലും വലിയ അന്തരമുണ്ട്. 2018 ൽ ഓർഡിനറികളുടെ കിലോമീറ്റർ നിരക്ക് 70 പൈസയായിരുന്നു. കോവിഡ് കാലത്ത് ഇത് 90 പൈസയാക്കി. ഇപ്പോൾ ഒരു രൂപയും. ഫലത്തിൽ 30 പൈസയുടെ വർധനയാണ് ഒറ്റയടിക്ക് വന്നിരിക്കുന്നത്.
ഇതുവരെയുള്ള വർധനകളിൽ പരമാവധി ഒരു പൈസ മുതൽ ഏഴ് പൈസവരെയേ കിലോമീറ്റർ നിരക്ക് വർധിച്ചിട്ടുള്ളൂ. ഇനി 90 പൈസയിൽ നിന്ന് ഒരു രൂപയാക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് വാദമെങ്കിൽ അപ്പോഴും വർധന റെക്കോഡ് തന്നെയാണ്. രാത്രി യാത്രക്ക് 40 ശതമാനം അധിക നിരക്ക് ഈടാക്കാമെന്ന രാമചന്ദ്രന്‍ കമീഷന്‍ ശിപാര്‍ശ നിരസിച്ചത് മാത്രമാണ് യാത്രക്കാര്‍ക്ക് ഏക ആശ്വാസം. ഈ നിര്‍ദേശം നടപ്പായെങ്കില്‍ രാത്രി മിനിമം ചാര്‍ജ് 14 രൂപയാകുമായിരുന്നു.
ജനുറം നിരക്ക് കുറച്ചു; നോൺ എ.സി 10 രൂപ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നോൺ എ.സി ജനുറം ബസുകളുടെ മിനിമം നിരക്ക് 13 രൂപയിൽനിന്ന് 10 രൂപയായി കുറച്ചു. 2.5 കിലോമീറ്ററാണ് മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം. ജനുറം എ.സി ബസുകളുടെ മിനിമം നിരക്ക് 26 രൂപയായി നിലനിർത്തി. അതേസമയം, കിലോമീറ്റർ നിരക്ക് 1.87 രൂപയിൽനിന്ന് 1.75 രൂപയായി കുറച്ചു. എ.സി ലോഫ്ലോറിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററാണ്.
30 ശതമാനം നിരക്കിളവിൽ സീസൺ ടിക്കറ്റ്
തിരുവനന്തപുരം: ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരംയാത്രക്കാര്‍ക്ക് പൊതുനിരക്കിന്റെ 30 ശതമാനം വരെ ഇളവു നല്കി സീസണ് ടിക്കറ്റുകള്‍ അനുവദിക്കാൻ കെ.എസ്.ആർ.ടി.സിക്ക് അനുമതി. നേരത്തേ ട്രാവൽ കാർഡുകൾ എന്ന പേരിൽ സീസൺ ടിക്കറ്റ് ആരംഭിച്ചിരുന്നെങ്കിലും ഏതാനും മാസത്തിനുള്ളിൽ പിൻവലിച്ചിരുന്നു. യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നതിനായാണ് സീസൺ ടിക്കറ്റുകൾ വീണ്ടും ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.