വയനാട് ദുരിത ബാധിതർക്കായി 2.23 കോടി നൽകി ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ
text_fieldsകൽപറ്റ: വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ 2,23,64,066 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വയനാട് പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് വേണ്ടി ബസ് ഓപറേറ്റേഴ്സ് അംഗങ്ങളുടെ ബസ്സുകൾ ഒരു ദിവസം കാരുണ്യ യാത്ര നടത്തി സ്വരൂപിച്ച പണമാണ് കൈമാറിയത്. ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്കാണ് തുക കൈമാറിയത്.
വീട് നിർമിക്കാൻ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് വയനാട് വീട് നിർമിച്ച് നൽകണമെന്നാവശ്യപ്പെട്ട് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയത്. വടകര താലുക്ക് യൂനിറ്റിലെ ഫെഡറേഷൻ മെമ്പർമാരുടെ ബസ്സുകൾ കാരുണ്യ യാത്ര നടത്തി സ്വരൂപിച്ച ഫണ്ടിൽനിന്ന് ഏഴു ലക്ഷം രൂപ വടകരയിലെ പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാൻ വിലങ്ങാട്ടെ ജനകീയ സമിതിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു.
2018 ലെ പ്രളയ ദുരന്ത സമയത്ത് ഫെഡറേഷൻ മെമ്പർമാർ കാരുണ്യ യാത്ര നടത്തി 3.11 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ സാന്നിദ്ധ്യത്തിൽ പ്രസിഡന്‍റ് കെ.കെ. തോമസ്, ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ഭാരവാഹികളായ എം.എസ്. പ്രേംകുമാർ, ശരണ്യ മനോജ്, രാജു കരുവാരത്ത്, സത്യൻ പാലക്കാട്, പാലമുറ്റത്ത് വിജയ് കുമാർ എന്നിവരാണ് ഫണ്ട് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.