ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച കേസിൽ ബസുടമയെ റിമാൻഡ് ചെയ്തു
text_fieldsആലുവ: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച കേസിൽ ബസുടമയും റിമാൻഡിലായി. എടത്തല മുരിങ്ങാശേരയിൽ യൂസഫ് അലിയാർ (40)നെയാണ് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വാഹനപകടത്തിൽ ജീവഹാനിയുണ്ടായാൽ ഉടമകൾ റിമാൻഡിലാകുന്ന അപൂർവ്വം കേസുകളിലൊന്നായി ഈ അപകടവും മാറി.
ലൈസൻസില്ലാത്തയാൾക്ക് ബസ് ഓടിക്കാൻ നൽകിയതാണ് ബസുടമക്ക് വിനയായത്. ഐ.പി.സി 308 വകുപ്പ് പ്രകാരം മനപ്പൂർവ്വം അപകടത്തിന് സാഹചര്യമൊരുക്കിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഓടിച്ചിരുന്ന വെളിയത്തുനാട് ചെറുപള്ളം വീട്ടിൽ ഫസൽ അലി (23)യും നേരത്തെ റിമാൻഡിലായിരുന്നു. ഇയാൾക്കെതിരെ സെക്ഷൻ 304ഉം ചേർത്തിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നറിഞ്ഞിട്ടും ബസ് ഓടിക്കുന്നതിന് അനുമതി നൽകിയെന്നതാണ് കുറ്റം. ഇതിന് പുറമെ ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിന് ആ.ടി.ഒയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ആലുവ-എറണാകുളം റൂട്ടിലോടുന്ന കെ.എൽ 41 എ 9467 നമ്പർ സഹൽ ബസാണ് ഫസൽ ഓടിച്ച് അപകടം സൃഷ്ടിച്ചത്.
ഫെഡറൽ ബാങ്ക് തിരൂർ ശാഖയിലെ ജീവനക്കാരി ആലുവ മുപ്പത്തടം കാർത്തിക ജ്വല്ലറിക്ക് എതിർവശം തെരുവിപറമ്പിൽ വീട്ടിൽ ജെറോച്ചന്‍റെ മകൾ അനീസ ഡോളി(20)യാണ് മരിച്ചത്. ജെറോച്ചൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആറരയോടെ ആലുവ സെന്‍റ് ഫ്രാൻസിസ് സ്കൂളിന് മുമ്പിലായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.