ദേശസാത്കൃത റൂട്ട്: സ്വകാര്യബസ് പെര്‍മിറ്റിനായിമോട്ടോര്‍വാഹനവകുപ്പിന്‍െറ ശിപാര്‍ശ
text_fieldsതിരുവനന്തപുരം: ദേശസാത്കൃത റൂട്ടിലെ സ്വകാര്യബസ് പെര്‍മിറ്റിനായി മോട്ടോര്‍വാഹനവകുപ്പില്‍ നിന്ന് ശിപാര്‍ശ. എറണാകുളം-മൂവാറ്റുപുഴ ദേശസാത്കൃത റൂട്ടില്‍ സ്വകാര്യബസുകള്‍ക്ക് തൃപ്പൂണിത്തുറ ടൗണ്‍ വഴി പോകാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് മോട്ടോര്‍വാഹനവകുപ്പില്‍ നിന്ന് ഗതാഗതസെക്രട്ടറിക്ക് കത്ത് ലഭിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന നടപടിക്കെതിരെ സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കാണുമെന്നാണ് വിവരം.
1961ലെ ദേശസാത്കൃത സ്കീം പ്രകാരം എറണാകുളം-മൂവാറ്റുപുഴ റൂട്ടില്‍ തൃപ്പൂണിത്തുറ, തിരുവാങ്കുളം, പുത്തന്‍കുരിശ്, വാളകം എന്നീ ഇന്‍റര്‍മീഡിയറ്റ് പോയന്‍റുകളില്‍ ഒരു പോയന്‍റ് മാത്രം മുറിച്ചുകടക്കാന്‍ സ്വകാര്യബസുടമകളെ അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി രണ്ട് പോയന്‍റുകള്‍ മുറിച്ചുകടക്കാന്‍ അനുവാദം നല്‍കുന്ന തരത്തില്‍ ആര്‍.ടി.ഒ ഓഫിസുകളില്‍ നിന്ന് സ്വകാര്യ പെര്‍മിറ്റുകള്‍ നല്‍കി. ഇതിനെതിരെ കെ.എസ്.ആര്‍.ടി.സി കോടതിയെ സമീപിച്ച് അനുകൂല വിധി നേടി.
തുടര്‍ന്ന് താല്‍ക്കാലിക പെര്‍മിറ്റ് നേടിയിരുന്ന 28 സ്വകാര്യ ബസുകള്‍ സ്കീം ലംഘനം ഒഴിവാക്കുന്നതിനായി തൃപ്പൂണിത്തുറ ടൗണില്‍ വരാതെ സര്‍വിസ് നടത്തുന്നവിധം റൂട്ടുകള്‍ പരിഷ്കരിച്ചിരുന്നു. ഈ റൂട്ട് എറണാകുളം-തേക്കടി എന്ന മറ്റൊരു ദേശസാത്കൃത സ്കീമിന്‍െറ ലംഘനമാണെന്ന് കാട്ടി കെ.എസ്.ആര്‍.ടി.സി വീണ്ടും കോടതിയെ സമീപിച്ചു.
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി റൂട്ടില്‍ 13 കിലോമീറ്റര്‍ അധികമായി സ്വകാര്യബസുകള്‍ ഓടുന്നെന്നായിരുന്നു പരാതി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തായിരുന്നു സംഭവം. എന്നാല്‍ റൂട്ടിലെ താല്‍ക്കാലിക പെര്‍മിറ്റുള്ള സ്വകാര്യ ബസുകളെക്കൂടി ഉള്‍പ്പെടുത്തി പുതിയ സ്കീം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നെന്ന രീതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം അപ്രസക്തമായി. മാത്രമല്ല, ഈ റൂട്ടുകളിലെ സ്വകാര്യപെര്‍മിറ്റുകള്‍ സംരക്ഷിച്ച് 2016 ഫെബ്രുവരിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കരട് വിജ്ഞാപനമിറക്കി. ഇതോടെ എറണാകുളം-തേക്കടി ദേശാസാത്കൃത റൂട്ടിലെ 13 കിലോമീറ്റര്‍ സ്വകാര്യബസുകള്‍ക്ക് നിയമാനുസൃതം ഓടാന്‍ അനുമതി ലഭിക്കുകയായിരുന്നു.
നേരത്തേ ഒഴിവാക്കിയ തൃപ്പൂണിത്തുറ ടൗണ്‍ വഴി ഓടുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യബസുകള്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റ് വഴി നിലവില്‍ സര്‍ക്കാറിനെ സമീപിച്ചത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ കെ.എസ്.ആര്‍.ടി.സിയുടെ മൂവാറ്റുപുഴ, എറണാകുളം, കൂത്താട്ടുകുളം, പിറവം, തൊടുപുഴ ഡിപ്പോകളില്‍ നിന്നുള്ള സര്‍വിസുകളെ നഷ്ടത്തിലേക്ക് തള്ളുമെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.