ചെളി തെറിച്ചതിന് ബസ് ഡ്രൈവറുടെ തലയിൽ പെട്രോൾ ഒഴിച്ച് ബൈക്ക് യാത്രികൻ; സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിൽ
text_fieldsഅരൂർ: ദേശീയപാതയിലൂടെ പോയ സ്വകാര്യ ബസ് ദേഹത്ത് ചെളി തെറിപ്പിച്ചതില്‍ ക്ഷുഭിതനായ ബൈക്ക് യാത്രികൻ പിന്നാലെ എത്തി ബസിന്റെ ചില്ലിന് കല്ലെറിയുകയും ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ എരമല്ലൂര്‍ ജങ്ഷന് സമീപമാണ് സംഭവം. പൊലീസ് എത്തി ബൈക്ക് യാത്രികനായ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എഴുപുന്ന തെക്ക് കറുകപ്പറമ്പില്‍ സോമേഷിനെ (40) കസ്റ്റഡിയിലെടുത്തു.
എറണാകുളത്ത് നിന്ന് ചേര്‍ത്തലക്ക് വരികയായിരുന്ന മലയാളീസ് എന്ന ബസ് എരമല്ലൂരില്‍ ദേശീയപാതയില്‍ നിന്ന് എഴുപുന്നയിലേക്ക് തിരിയുമ്പോഴായിരുന്നു അതിക്രമം. ട്രെയിലര്‍ ലോറി ഡ്രൈവറായ സോമേഷ് ബൈക്കിൽ പോകുമ്പോൾ ബസ് ദേഹത്ത് ചെളിതെറിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ പിന്നാലെ എത്തി ബസിന്റെ ചില്ലിന് കല്ലെറിഞ്ഞത്. കാര്യം ചോദിക്കാന്‍ ഇറങ്ങിയ ബസ് ഡ്രൈവറുടെ തലയിലൂടെ തന്റെ കയ്യില്‍ ഉണ്ടായിരുന്ന കാനിലെ പെട്രോള്‍ ഒഴിച്ച് വധഭീഷണി മുഴക്കി. പെട്രോള്‍ കണ്ണില്‍ വീണ ബസ് ഡ്രൈവര്‍ വയലാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കൈതത്തറ കെ.ജി. മാത്യു (38) പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഡ്രൈവറുടെ ദേഹത്ത് പെട്രോളൊഴിക്കുന്നത് കണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള ബസ് യാത്രികർ അലമുറയിട്ടു. തൊട്ടപ്പുറത്ത് ദേശീയപാത എരമല്ലൂര്‍ ജങ്ഷന് സമീപം ഉയരപ്പാതയുടെ വെല്‍ഡിങ് ജോലികള്‍ നടക്കുന്നുമുണ്ടായിരുന്നു. കല്ലേറിൽ ബസിന്റെ മുന്‍ഭാഗത്തെ ചില്ലിന് ചെറുതായി പൊട്ടലുണ്ട്.
ഡ്രൈവര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് വയലാര്‍ വഴി ചേര്‍ത്തലക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പണിമുടക്കി. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഒതുക്കിയ ബസുകളില്‍ ചിലതിന് മോട്ടോര്‍വാഹനവകുപ്പ് 10,000 രൂപ പിഴ അടക്കുവാനുളള നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
പ്രതി സോമേഷിനെതിരെ വധശ്രമത്തിനാണ് കേസെടുത്തതെന്ന് അരൂര്‍ സി.ഐ. പി.എസ്. ഷിജു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.