വടകരയിൽ വ്യാപാര മേഖല പ്രതിസന്ധിയിൽ
text_fieldsവടകര: നഗരത്തിൽ 2000 ലധികം കടമുറികൾ ഒഴിഞ്ഞു കിടക്കുന്നു വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിൽ. ദേശീയപാത വികസനം, ചുമട്ടുകൂലി, ഗതാഗത പ്രശ്നങ്ങൾ, മികച്ച ഡ്രയിനേജ് സംവിധാനത്തിന്റെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും വ്യാപാരമേഖലക്ക് തിരിച്ചടിയാകുന്നത്. ആധുനിക രീതിയിലുള്ള ഡ്രയിനേജ് ഇല്ലാത്തത് മലിനീകരണ പ്രശ്നം രൂക്ഷമാക്കാനിടയാക്കുന്നുണ്ട്. ദേശീയപാത നിർമാണത്തിന്റ ഭാഗമായി കടുത്ത പ്രതിസന്ധിയാണ് വ്യാപാര മേഖലക്ക് ഉണ്ടാക്കിയിട്ടുള്ളത്. വ്യാപാരികളെ കൂട്ടത്തോടെ കുടിയിറക്കിയപ്പോൾ ചെറിയ ശതമാനം വ്യാപാരികൾക്ക് മാത്രമാണ് പുതിയ കടമുറികളെടുത്ത് തിരിച്ച് വരാൻ കഴിഞ്ഞത്. കെട്ടിടങ്ങൾക്കുണ്ടായ അമിത വാടകയും നികുതിയും താങ്ങാൻ കഴിയാത്ത വിധത്തിൽ വർധിച്ചത് വ്യാപാരികളെ നഗരത്തിൽനിന്ന് പിന്നോട്ടടിപ്പിക്കുന്നു. ചുമട്ടുകൂലിയിലും വർധനയുണ്ടായതായി വ്യാപാരികൾ പറയുന്നു. ദീർഘദൂര ബസുകൾ നഗരത്തിന് പുറത്ത് ചരക്ക് ഇറക്കി ചുമട്ട് കൂലിയിൽനിന്ന് രക്ഷ തേടുകയാണ്. മൊത്തക്കച്ചവടക്കാർ നഗരത്തെ കൈ ഒഴിഞ്ഞ് നഗരത്തിന് പുറത്ത് കടകളെടുത്ത് വിതരണം ചെയ്യുകയാണ്. നിരവധി ഹോട്ടലുകൾ നഗരത്തിൽ പൂട്ടി. രാത്രി ഒമ്പതാകുന്നതോടെ മറ്റ് സ്ഥലങ്ങളിൽനിന്നും വിഭിന്നമായി കച്ചവട സ്ഥാപനങ്ങൾ അടയുകയും ടൗൺ വിജനമാവുകയുമാണ്.
പ്രതിസന്ധി മറികടക്കാൻ വ്യാപാരികളുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. വടകര മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണനഗരം യൂനിറ്റ്, പ്രൊഡ്യൂസ് മർച്ചന്റ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ വടകര, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്, ഫുട്വെയർ അസോസിയേഷൻ എന്നീ സംഘടനാ പ്രതിനിധികൾ വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ചർച്ച നടത്തി. എം.പി, എം.എൽ.എ, നഗരസഭാധ്യക്ഷ എന്നിവരെ ഉൾപ്പെടുത്തി ആവശ്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനിച്ചു. യോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.