കണക്കെടുപ്പ് കഴിഞ്ഞു; ചിന്നാറില്‍ 240 ഇനം ചിത്രശലഭങ്ങള്‍
text_fieldsതൊടുപുഴ: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ രണ്ടു വര്‍ഷമായി നടന്നുവന്ന ചിത്രശലഭങ്ങളുടെ കണക്കെടുപ്പില്‍ നിലവില്‍ രേഖപ്പെടുത്താത്ത 84 പുതിയ ഇനം ചിത്രശലഭങ്ങളെക്കൂടി കണ്ടത്തെി. സങ്കേതത്തില്‍ 156 ഇനം ചിത്രശലഭങ്ങള്‍ ഉള്ളതായാണ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി കൃത്യമായ ഇടവേളകളില്‍ നടത്തിയ കണക്കെടുപ്പില്‍ ആകെ 240 ഇനം ചിത്രശലഭങ്ങളെ ഈ മഴനിഴല്‍ പ്രദേശത്ത് കണ്ടത്തെി. ആനമുടി ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെ കോട്ടയത്തെ തിരുവിതാംകൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, തിരുവനന്തപുരം നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നീ സംഘടനകളുമായി ചേര്‍ന്നാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പത്തുതലങ്ങളിലായി രണ്ടു വര്‍ഷത്തോളം 50 പേര്‍ അടങ്ങിയ സംഘം കണക്കെടുപ്പ് നടത്തിയത്.
90.44 ച.കി.മീ. വിസ്തൃതിയുള്ള സങ്കേതത്തെ അഞ്ച് ബേസ് ക്യാമ്പുകളാക്കി തിരിച്ചു നടത്തിയ കണക്കെടുപ്പില്‍ ചിത്രശലഭങ്ങളുടെ അംഗസംഖ്യയിലെ ഏറ്റക്കുറച്ചിലുകള്‍, വിവിധ ആവാസവ്യവസ്ഥയിലും കാലാവസ്ഥയിലും അവയുടെ സാന്നിധ്യം, ജീവിതരീതി എന്നിവ പഠനവിധേയമാക്കി. ഒലിക്കുടി, മാങ്ങാപ്പാറ, അലാംപെട്ടി, ചുരുളിപ്പെട്ടി, ചുങ്കം എന്നിവിടങ്ങള്‍ ബേസ് ക്യാമ്പാക്കിയാണ് ചിത്രശലഭങ്ങളെ തുടര്‍ച്ചയായി ദിവസങ്ങളോളം നിരീക്ഷിച്ചത്.
സമുദ്രനിരപ്പില്‍നിന്ന് 400 അടി മുതല്‍ 2300 അടിവരെ ഉയരമുള്ള ചിന്നാറിലെ വ്യത്യസ്ത ആവാസവ്യവസ്ഥകളിലൂടെയായിരുന്നു കണക്കെടുപ്പ്. പളനി മലനിരകളില്‍ മാത്രം കണ്ടുവരുന്ന ‘പളനി’ അഥവാ ‘ടെവിസണ്‍ ബുഷ് ബ്രൗണ്‍’, പശ്ചിമഘട്ടമലനിരകളിലും ശ്രീലങ്കയിലും മാത്രം സാന്നിധ്യമുള്ള ‘നീലഗിരി ടിറ്റ്’ എന്നിവയുടെ കണ്ടത്തെല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
നീലഗിരി ടിറ്റ് ചിത്രശലഭത്തെ കേരളത്തില്‍ അവസാനമായി കണ്ടത് 1883ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഫ്രെഡറിക് മൂര്‍ ആണെന്നും കേരളത്തില്‍ ചിന്നാര്‍ സങ്കേതത്തില്‍ മാത്രമേ ഇതിനെ കാണാനാകൂവെന്നും കണക്കെടുപ്പിനു നേതൃത്വം നല്‍കിയ ഡോ. കലേഷ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം എന്ന സതേണ്‍ ബേര്‍ഡ് വിങ്, ഏറ്റവും ചെറിയ ചിത്രശലഭമായ ഗ്രാസ് ജുവല്‍, അപൂര്‍വമായി മാത്രം കാണുന്ന പളനി ഡാര്‍ട്ട്, ഷോട്ട് സില്‍വര്‍ ലൈന്‍, ടിന്‍സെല്‍, കോമണ്‍ ബാന്‍ഡഡ് പീക്കോക്ക്, ഇന്ത്യന്‍ ഒൗള്‍കിങ്, സ്പോട്ട് പുഫിന്‍, ഓറഞ്ച് ടെയില്‍ഡ് അവുള്‍, ഓറഞ്ച് ഒലെറ്റ് തുടങ്ങിയ ചിത്രശലഭങ്ങളുടെ കണ്ടത്തെലും പ്രാധാന്യമര്‍ഹിക്കുന്നു. കണക്കെടുപ്പിനിടെ നാലിടങ്ങളില്‍ ചിത്രശലഭങ്ങളുടെ ദേശാടനം രേഖപ്പെടുത്തി.
വടക്ക്-കിഴക്ക് തമിഴ്നാട് ഭാഗങ്ങളില്‍നിന്ന് തെക്ക്-പടിഞ്ഞാറ് കേരളത്തിലേക്ക് വലിയൊരളവില്‍ ചിന്നാറിലൂടെയാണ് ചിത്രശലഭങ്ങളുടെ ദേശാടനം.
വരണ്ടുണങ്ങിയ കാലാവസ്ഥയുള്ള നവംബറില്‍ ആരംഭിക്കുന്ന ദേശാടനം ഡിസംബര്‍ അവസാനംവരെ നീളും. രണ്ടു വര്‍ഷം നീണ്ട കണക്കെടുപ്പില്‍ ലഭിച്ച ശാസ്ത്രീയ വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കുന്നതോടൊപ്പം തുടര്‍പഠനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. പ്രസാദ് പറഞ്ഞു. ചിന്നാറില്‍ കാണുന്ന 240 ഇനം ചിത്രശലഭങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും ഉള്‍പ്പെടുന്ന ബ്രോഷര്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.