പതിവിലും നേരത്തേ എത്തി, ദേശാടന ശലഭങ്ങൾ
text_fieldsകൽപറ്റ: പശ്ചിമ ഘട്ടത്തിലേക്ക് പതിവിലും നേരേത്ത പറന്നെത്തി ദേശാടന ശലഭങ്ങൾ. സെപ്റ്റംബർ-നവംബർ മാസങ്ങളിൽ തുടങ്ങാറുള്ള ശലഭ ദേശാടനമാണ് ഈ വർഷം ആഗസ്റ്റിൽതന്നെ ആരംഭിച്ചത്. മഴ ഗണ്യമായ അളവിൽ താളംതെറ്റുന്നതിെൻറ സൂചനയാണിതെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ ജൂലൈയിലും തെക്കേ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്ക് ചിത്രശലഭ ദേശാടനം ആരംഭിച്ചിരുന്നു. വളരെ കുറച്ച് ശലഭങ്ങളാണ് ജൂലൈയിൽ വെയിലുള്ള ദിവസങ്ങളിൽ പശ്ചിമ ഘട്ടത്തിലേക്ക് എത്തിയത്.
തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ കാലവർഷം ശക്തമാവുന്നതോടെ കനത്ത മഴയിൽനിന്നു രക്ഷ നേടാനാണ് ശലഭങ്ങൾ പശ്ചിമഘട്ട മലനിരകളിലെ കാടുകളിലേക്ക് ദേശാടനം നടത്തുന്നത്. വർഷം 300 മുതൽ 500 കിലോമീറ്റർ വരെ ദൂരമാണ് ഇത്തരം ശലഭങ്ങളുടെ ദേശാടനം. അനേകലക്ഷം ചിത്രശലഭങ്ങളാണ് ഓരോ വർഷവും ദേശാടനം ചെയ്യുന്നത്. സാധാരണ രീതിയിൽ തെക്കേ ഇന്ത്യയുടെ സമതല പ്രദേശങ്ങളിൽനിന്നും പൂർവഘട്ട മലനിരകളിൽനിന്നുമായാണ് പശ്ചിമഘട്ടത്തിലെ ആർദ്ര വനങ്ങളിലേക്ക് ചിത്രശലഭങ്ങൾ കൂട്ടങ്ങളായി എത്തുന്നത്.
പാൽവള്ളി ശലഭങ്ങളാണ് ദേശാടനക്കാരിലെ പ്രധാനികൾ. കേരളത്തിൽ 46ൽപരം ഇനത്തിൽപെട്ട ചിത്രശലഭങ്ങളാണ് ദേശാടനം ചെയ്യുന്നത്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് നീലക്കടുവകളുടെയും അരളി ശലഭങ്ങളുടെയും ദേശാടനമാണ്. പാൽവള്ളി ശലഭങ്ങൾ എന്നാണ് ഈ ശലഭങ്ങളെ വിളിക്കുന്നത്. പാലുള്ളതും വിഷാംശമുള്ളതുമായ സസ്യങ്ങളാണ് ഈ ശലഭങ്ങളുടെ പുഴുക്കളുടെ ആഹാരം. അതുകൊണ്ടാണ് ഇവയെ പാൽവള്ളി ശലഭങ്ങൾ എന്ന് വിളിക്കുന്നത്. പുഴുക്കളുടെ ആഹാരത്തിലെ വിഷാംശം ഈ ശലഭങ്ങളുടെ ശരീരത്തിലേക്ക് സ്വാംശീകരിക്കപ്പെടും.ഇരപിടിയന്മാരായ ജീവികൾ പൊതുവേ ഈ ശലഭങ്ങളെ ഉപേക്ഷിക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.