മഴ കനിഞ്ഞില്ല; വേനൽ മറികടക്കാൻ അധികവൈദ്യുതി വാങ്ങുന്നു
text_fieldsപാലക്കാട്: റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനിടെ വേനൽക്കാലത്തെ ക്ഷാമം മുന്നിൽകണ്ട് അധിക വൈദ്യുതിക്കായി കെ.എസ്.ഇ.ബി ഹ്രസ്വകാല ടെൻഡർ നടപടി പൂർത്തീകരിച്ചു. കഴിഞ്ഞവർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ 5000 മെഗാവാട്ട് ഉപഭോഗമെത്തിയിരുന്നു. ഇതിനാൽ 500 മെഗാവാട്ട് അധികം മുന്നിൽ കണ്ട്, 2024 ഏപ്രിൽ ഒന്ന് മുതൽ 30 വരെയും മേയ് ഒന്ന് മുതൽ 31 വരെയും രണ്ട് ഘട്ടങ്ങളായാണ് ടെൻഡർ ക്ഷണിച്ചത്. നിലവിലെ വൈദ്യുതി താരിഫിന് പുറത്തായതിനാൽ അധിക വൈദ്യുതിയുടെ ബാധ്യതയും സർചാർജായി ഉപഭോക്താവിൽ തന്നെയാണ് അടിച്ചേൽപ്പിക്കപ്പെടുക.
രൂക്ഷമായ വൈദ്യുതിക്ഷാമം അനുഭവപ്പെടുമ്പോൾ വേനൽക്കാലത്ത് മറ്റ് കമ്പനികളിൽ നിന്ന് വാങ്ങുകയും നമുക്ക് അധികമാകുന്ന മഴക്കാലത്ത് തിരിച്ച് വൈദ്യുതി കൊടുക്കുകയും ചെയ്യുന്ന ‘സ്വാപ്’ മാതൃകയിലാണ് കെ.എസ്.ഇ.ബി വേനലിലെ വൈദ്യുതിക്ഷാമം പരിഹരിക്കാറുള്ളത്. എന്നാൽ, മഴക്കാലത്ത് ജലലഭ്യത കുറഞ്ഞതോടെ ഈ വർഷം ‘സ്വാപ്’ ഉപയോഗപ്പെടുത്താനായില്ല.
അതേസമയം 24 മണിക്കൂറിനായി (റൗണ്ട് ദ ക്ലോക്ക് രീതി) 250 മെഗാവാട്ട് വൈദ്യുതിക്ക് വിളിച്ച ടെൻഡറിനെതിരെയും ആക്ഷേപമുയരുന്നുണ്ട്. പകലും രാത്രിയും വേർതിരിച്ച് രണ്ട് ടെൻഡറാക്കി ക്ഷണിച്ചിരുന്നെങ്കിൽ കെ.എസ്.ഇ.ബിക്ക് പകൽ സമയം സോളാർ വൈദ്യുതി ഉപയോഗപ്പെടുത്താമായിരുന്നെന്ന് ഊർജരംഗത്തെ വിദഗ്ധർ പറയുന്നു. നിലവിലെ ടെൻഡറിൽ യൂനിറ്റിന് പ്രതിദിനം എട്ട് രൂപ മുതൽ 10 രൂപ വരെ വന്നിട്ടുണ്ട്. ഇതിന് പകരം രാവിലെ എട്ട് മുതൽ നാല് വരെ എട്ട് മണിക്കൂർ സോളാർ വൈദ്യുതി വാങ്ങിയാൽ യൂനിറ്റിന് 2-2.50 രൂപ വരെ മാത്രമേ വരൂ.
ബാക്കി 16 മണിക്കൂർ മാത്രമേ കൂടിയ നിരക്കിലെ വൈദ്യുതി ആവശ്യമുള്ളൂ. ഈ ദ്വിമുഖ ടെൻഡർ സമീപനത്തിലൂടെ കെ.എസ്.ഇ.ബിക്ക് പ്രതിദിനം 90 ലക്ഷം രൂപ ലാഭിക്കാമായിരുന്നു. നിലവിൽ പല സമയത്തും അധിക വൈദ്യുത ലഭ്യത മൂലം ഉപയോഗിക്കാതെ തന്നെ ഫിക്സഡ് ചാർജ് കൊടുക്കേണ്ട സാഹചര്യവുമുണ്ട്. മുഴുദിവസത്തെ വൈദ്യുതിക്കായി ടെൻഡർ ചെയ്താൽ സോളാർ വൈദ്യുതി പോലെ പകൽ സമയത്ത് കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഉൽപാദകർക്ക് പങ്കെടുക്കാനാവാതെ വരികയും ശരാശരി വില കൂടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.