ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത് ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാന്‍- വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത് ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണെന്ന്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശബരിമല വിഷയം നിയമസഭയില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നിയമസഭ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സ്‌പോര്‍ട്ട് ബുക്കിങ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ സബ്മിഷന് കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി മറുപടി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരിച്ച നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് ദേവസ്വം മന്ത്രി അന്ന് മറുപടി നല്‍കിയത്. പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരും.
ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അല്ലാതെ ആരെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുക്കുമോ? കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് 90000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗും 15000 പേര്‍ക്ക് സ്‌പോര്‍ട് ബുക്കിംഗും നല്‍കിയിട്ടും ദര്‍ശനം കിട്ടാതെ നിരവധി പേരാണ് മാല അഴിച്ച് മടങ്ങിയത്. ഇതൊക്കെ പഠിച്ചിട്ടു വേണ്ടേ മുഖ്യമന്ത്രി യോഗത്തിനു പോകേണ്ടത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുപോലൊരു തീരുമാനം എടുക്കാന്‍ പാടില്ല.
അയല്‍ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ നിന്നും 41 ദിവസം വ്രതം അനുഷ്ടിച്ച് മണ്ഡലകാലത്തും മകര വിളക്കിനും എത്തുന്ന പാവങ്ങള്‍ എവിടെയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടത്. നഗ്ന പാദരായി എത്തുന്നവര്‍ക്കു വരെ മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയിലും വ്യക്തതയില്ല. എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് ഓണ്‍ലൈന്‍ ബുക്കിങ്.
വിഷയം വളാകരുതെന്ന് കരുതിയാണ് പ്രതിപക്ഷം സബ്മിഷന്‍ നല്‍കിയത്. എന്നാല്‍ അന്നും മുഖ്യമന്ത്രി ബലം പിടിച്ചു നിന്നു. കാരണം പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം ഇരുമ്പ് ഉലക്കയാണല്ലോ. അവ്യക്തത മാറ്റി മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യം ഒരുക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്ത തെറ്റായ തീരുമാനം തിരുത്തണം.
ബി.ജെ.പി പ്രവര്‍ത്തകര്‍ തന്റെ വീടിന് മുന്നിലേക്ക് മാത്രമല്ല മുഖ്യമന്ത്രിയുടെ വീടിന് മുന്നിലേക്കും ബോര്‍ഡുമായി പോയി. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോയവരെ ദേവസ്വം ജംഗ്ഷന് സമീപം പൊലീസ് തടഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ബോര്‍ഡ് വെക്കാന്‍ വന്നവര്‍ക്ക് പൊലീസ് സൗകര്യം ഒരുക്കിക്കൊടുത്തു. ബി.ജെ.പി പ്രസിഡന്റിന്റെ ജാള്യതയിലാണ് അവര്‍ ഇത് ചെയ്തത്. പിണറായി വിജയന്റെ കാല് പിടിച്ച് ബി.ജെ.പി പ്രസിഡന്റ് രണ്ടു കേസുകളില്‍ നിന്നാണ് രക്ഷപ്പെട്ടത്.
എന്നിട്ട് ആ തൊപ്പി തന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയാണ് ശരിയാകുന്നത്. കുഴല്‍പ്പണ കേസിലും തിരഞ്ഞെടുപ്പ് കോഴ കേസിലും സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമായാണ് സുരേന്ദ്രനെ ഒഴിവാക്കിക്കൊടുത്തത്. തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം നല്‍കേണ്ട കുറ്റപത്രം 17 മാസത്തിനു ശേഷമാണ് പൊലീസ് നല്‍കിയത്. കുറ്റപത്രം വൈകിയിട്ടും ഡിലേ പെറ്റീഷന്‍ പോലും കോടതിയില്‍ നല്‍കിയില്ല. അതേത്തുടര്‍ന്നാണ് സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്. പിണറായി വിജയനും സുരേന്ദ്രനും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണ് രണ്ടു കേസുകളില്‍ നിന്നും ഒഴിവാക്കയിത്. അതിന്റെ ജാള്യത തീര്‍ക്കാന്‍ തന്റെ വീടിന് മുന്നില്‍ ഫ്‌ളെക്‌സ് വച്ചിട്ട് എന്തു കാര്യം?
ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കകം യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. കൂടിയാലോചനകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.