ഉപതെരഞ്ഞെടുപ്പ്: ഒരു മണ്ഡലത്തിലെ വിജയം പ്രവചിച്ച് വെള്ളാപ്പള്ളി നടേശൻ
text_fieldsചേർത്തല: ഉപതെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗത്തിന് നിലപാടില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ തെരഞ്ഞെടുപ്പിൽ പ്രത്യേക താൽപര്യമെടുക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വയനാട്ടിൽ ഉറപ്പായും പ്രിയങ്ക ഗാന്ധി ജയിക്കും. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ആര് ജയിക്കുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി വയനാട് സീറ്റിൽ നിന്നും ജയിച്ച് പാർലമെന്‍റിലെത്തിയത്. സി.പി.ഐ നേതാവും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ പി.പി. സുനീറിനെ 4.4 ലക്ഷം വോട്ടിനായിരുന്നു രാഹുൽ തോൽപിച്ചത്. 2024ലെ തെരഞ്ഞെടുപ്പിൽ രണ്ടാം അംഗത്തിനിറങ്ങിയ രാഹുൽ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞിരുന്നു.
സി.പി.ഐ നേതാവും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ആനി രാജയെ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. രാഹുലിന് 6,47,445 വോട്ടും ആനി രാജക്ക് 2,83,023 വോട്ടും ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രന് 1,41,045 വോട്ടും ലഭിച്ചു.
അതേസമയം, ഉപതെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് ആയിരിക്കും സ്വീകരിക്കുകയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.
എൻ.എസ്.എസിന് രാഷ്ട്രീയമില്ല. മുമ്പ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ പൂർണമായി സമദൂരം എന്ന സ്വതന്ത്ര നിലപാടാണ് സമുദായത്തിനുള്ളതെന്നും ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.