ചവറയും കുട്ടനാടും സെമി ഫൈനൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ഞെട്ടി മുന്നണികൾ
text_fieldsതിരുവനന്തപുരം: ചവറ, കുട്ടനാട് ജനവിധി നിയമസഭ പൊതുതെരഞ്ഞെടുപ്പിെൻറ സെമിഫൈനലാകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ പ്രഖ്യാപനത്തിൽ ആദ്യം ഞെട്ടിയ മുന്നണികൾ പിന്നാലെ പൂർണസജ്ജമെന്ന് പ്രഖ്യാപിച്ചു. വിജയിക്കുന്നവർക്ക് ആറ് മാസം കിട്ടുമെങ്കിലും ഫലപ്രദമായി പ്രവർത്തിക്കാൻ നാലുമാസം മാത്രമേ ഉണ്ടാകൂവെന്നതാണ് എല്ലാവരെയും അലട്ടുന്നത്. സാധാരണ ഒരു വർഷമെങ്കിലും കാലാവധി ലഭിക്കുംവിധമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാറ്.
ഒക്ടോബറിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പുകൾ. നിലവിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിലാണ് പാർട്ടികൾ. താഴേത്തട്ടിൽ അണികളെ സജ്ജരാക്കി പ്രചാരണരംഗത്ത് എത്തിക്കാൻ ആർക്കും പ്രയാസമുണ്ടാകില്ല. രാഷ്ട്രീയസാഹചര്യം തങ്ങൾക്ക് അനുകൂലമെന്ന് ഇടത്-വലത് മുന്നണികൾ അവകാശപ്പെടുന്നു. ഏതാനും മാസങ്ങളായി സംസ്ഥാന രാഷ്ട്രീയം തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നീങ്ങുന്നത്. എല്ലാവരും സ്ഥാനാർഥിചർച്ചകൾ തുടങ്ങിയിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറുടെ നേതൃത്വത്തിൽ രണ്ട് മണ്ഡലങ്ങളിലും േവാെട്ടടുപ്പിനുള്ള സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. കോവിഡ് വ്യാപിച്ചതോടെ തെരഞ്ഞെടുപ്പിന് പറ്റിയ അന്തരീക്ഷം മാറി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നൽകിയ റിപ്പോർട്ടിൽ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ ഇനി ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് ശിപാർശ ചെയ്തിരുന്നു. സംസ്ഥാന സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറിയും സമാന ശിപാർശ കമീഷന് നൽകി. രണ്ട് മണ്ഡങ്ങളിലും ഇടതുമുന്നണിക്ക് സ്ഥാനാർഥിനിർണയം പ്രയാസമുണ്ടാക്കില്ല. ഏറക്കുറെ ധാരണയിലെത്തിയിട്ടുണ്ട്. കുട്ടനാട് മണ്ഡലം കേരള കോൺഗ്രസിേൻറതായതിനാൽ സ്ഥാനാർഥിനിർണയം യു.ഡി.എഫിന് ചില്ലറ തലവേദനയുണ്ടാക്കും. കേരള കോൺഗ്രസിലെ പോര് മൂർധന്യത്തിൽ നിൽക്കുന്ന ഘട്ടത്തിൽ പ്രത്യേകിച്ചും. ചവറയിൽ യു.ഡി.എഫിന് പ്രശ്നങ്ങളില്ല. രണ്ടിടത്തും മത്സരിക്കുമെന്ന് ബി.ജെ.പിയും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നടത്താൻ ആർക്കും താൽപര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ പറഞ്ഞു. മേയിൽ പൊതുതെരഞ്ഞെടുപ്പ് നടത്തണം. 12 കോടിയോളം ചെലവ് വരും. ഇൗ സാഹചര്യം കേന്ദ്ര കമീഷനെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാൻ കമീഷൻ തീരുമാനിച്ചാൽ അതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.