ഉപതെരഞ്ഞെടുപ്പ്: ചർച്ചകളിൽ ബൽറാം, രാഹുൽ
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവുവന്ന നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നു പാർട്ടികൾ. സ്ഥാനാർഥികളെ കുറിച്ചു കോൺഗ്രസിൽ അനൗദ്യോഗിക ആലോചനകൾ സജീവമാണ്. വടകരയില്‍നിന്നു പാര്‍ലമെന്റിലെത്തിയ ഷാഫി പറമ്പിൽ ഒഴിയുന്ന പാലക്കാടും ആലത്തൂരില്‍നിന്നു ജയിച്ച മന്ത്രി കെ. രാധാകൃഷ്ണൻ ഒഴിയുന്ന ചേലക്കരയിലുമാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. സ്ഥാനമൊഴിഞ്ഞ് ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
പാലക്കാട്ട് വി.ടി. ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് ചർച്ചകളിൽ നിറയുന്നത്. തൃത്താലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വി.ടി. ബൽറാം കഴിഞ്ഞ തവണ എം.ബി. രാജേഷിനോട് പരാജയപ്പെടുകയായിരുന്നു. നിയമസഭയിൽ മികച്ച പ്രകടനത്തിന്റെ പെരുമയുള്ള വി.ടി. ബൽറാം, അല്ലെങ്കിൽ യൂത്ത് കോൺഗ്രസിലെ താരം രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന് പകരക്കാരനായി എത്തണമെന്നാണ് പാർട്ടി അണികളുടെ വികാരം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ മെട്രോമാൻ ഇ. ശ്രീധരനെ പരാജയപ്പെടുത്തിയാണ് ഷാഫി പാലക്കാട്ട് ജയിച്ചത്. 3859 വോട്ടിനായിരുന്നു ഷാഫിയുടെ വിജയം. ഇക്കുറി പോരാട്ടം കനത്തതാകുമെന്നുറപ്പ്.
ബി.ജെ.പിക്ക് നല്ല സ്വാധീനമുള്ള പാലക്കാട് ശോഭാ സുരേന്ദ്രനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മത്സരിച്ച ഇടങ്ങളിലെല്ലാം വോട്ടുവിഹിതം വർധിപ്പിക്കാൻ കഴിഞ്ഞ ശോഭയുടെ മിടുക്കിലാണ് ബി.ജെ.പി പ്രതീക്ഷ വെക്കുന്നത്.
2016ല്‍ പാലക്കാട് മത്സരിച്ച ശോഭ വോട്ടുവിഹിതം ഇരട്ടിയാക്കിയിരുന്നു. സി.പി.എമ്മിന് വലിയ പ്രതീക്ഷയില്ലാത്ത പാലക്കാട്ട് പാർട്ടിയുടെ സ്ഥാനാർഥി സംബന്ധിച്ച് കൃത്യമായ പേരുകൾ ഉയർന്നുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന മുറക്ക് തീരുമാനിക്കാമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന പ്രതികരണം.
ആലത്തൂരിൽ തോറ്റ രമ്യാ ഹരിദാസിന്റെ പേര് ചേലക്കരയിൽ കോൺഗ്രസ് ഭാഗത്ത് സജീവമായി ഉയരുന്നുണ്ട്. 2019 ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ തോറ്റ ഷാനിമോൾ ഉസ്മാൻ തുടർന്നു വന്ന ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിച്ചു ജയിച്ചതാണ് രമ്യക്ക് വേണ്ടി വാദിക്കുന്നവർ ഉയർത്തിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.