ഉപതെരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയിൽ രമ്യഹരിദാസിനും സാധ്യത
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി കോൺഗ്രസിൽ ചർച്ചകൾ സജീവം. പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാലക്കാട് യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിനേയും ചേലക്കരയിൽ മുൻ എം.പി രമ്യഹരിദാസിനേയും കോൺഗ്രസ് സ്ഥാനാർഥികളാക്കുമെന്നാണ് സൂചന.
ഷാഫി പറമ്പിലിന്റെ പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഒരു യുവനേതാവ് തന്നെ സ്ഥാനാർഥിയാകണമെന്ന് കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്. ഇത് രാഹുൽ മാങ്കൂട്ടത്തലിന് ഗുണകരമായെന്നാണ് സൂചന. ഇതിനൊപ്പം ഗ്രൂപ്പ്ഭേദമന്യേയുള്ള പിന്തുണയും രാഹുൽ മാങ്കൂട്ടത്തലിന് നറുക്കുവീഴുന്നതിന് കാരണമാകുമെന്നാണ് റിപ്പോർട്ട്.
ലോക്സഭ തെരഞ്ഞെടുപ്പിൽ രമ്യഹരിദാസ് മത്സരിച്ച ആലത്തൂരിൽ വരുന്ന നിയമസഭ മണ്ഡലമാണ് ചേലക്കര. ഇവിടെ മന്ത്രി കെ.രാധകൃഷ്ണന്റെ ഭൂരിപക്ഷം കുറക്കാനായത് രമ്യക്ക് അനുകൂല ഘടകമായേക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ 35,000ത്തിലേറെ വോട്ടുകൾക്കാണ് കെ.രാധാകൃഷ്ണൻ ജയിച്ചത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്നുള്ള രാധാകൃഷ്ണന്റെ ഭൂരിപക്ഷം എട്ടായിരമായി കുറഞ്ഞിരുന്നു. ഇതാണ് രമ്യക്ക് അനുകൂലമാവുന്ന ഘടകം. കഴിഞ്ഞ തവണ മത്സരിച്ച പി.പി ശ്രീകുമാറിന്റെ പേരും യു.ഡി.എഫ് പരിഗണനയിലുണ്ട്.
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധിയെത്തുന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഗുണകരമാവുമെന്നും പ്രതീക്ഷയുണ്ട്. രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയായാണ് പ്രിയങ്ക എത്തുന്നത്. പ്രിയങ്കയുടെ വരവ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുഴുവൻ മണ്ഡലങ്ങളിലും ഗുണമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.