‘നാട് നന്നാകണം; വിളിച്ചാൽ ഫോൺ എടുക്കണം’
text_fieldsതൃശൂർ: നഗരത്തിൽനിന്ന് പോകുമ്പോൾ വടക്കാഞ്ചേരി പിന്നിട്ട് അകമല റെയിൽവേ മേൽപാലത്തിലേക്ക് കടന്നാൽ ചേലക്കര നിയോജക മണ്ഡലമായി. മുള്ളൂർക്കര പഞ്ചായത്തിൽനിന്നാണ് മണ്ഡലം തുടങ്ങുന്നത്. അകമല മേൽപാലം കടന്നാലുടനെ സന്തോഷിന്റെയും ഉണ്ണികൃഷ്ണന്റെയും പച്ചക്കറി കടയാണ്. പ്രദേശത്തെ കർഷകരിൽനിന്ന് ശേഖരിക്കുന്ന കാർഷിക ഉൽപന്നങ്ങളാണ് ഇവരുടെ താൽക്കാലിക കടയിൽ വിൽക്കുന്നത്.
അതുകൊണ്ടുതന്നെ ആവശ്യക്കാരേറെയാണ്. രാവിലെ ഞങ്ങളെ കണ്ടപ്പോൾ തന്നെ രാഷ്ട്രീയം പറയാൻ ഇരുവരും തയാറായി. നാട്ടുകാരൻ റിയാസും ഒരങ്കത്തിന് തയാറായി എത്തി. ‘രാഷ്ട്രീയം ഏറ്റവും നല്ല കൃഷി, നല്ല തൊലിക്കട്ടി ഉള്ളവന് നല്ല വിളവ് എടുക്കാം, എന്നിട്ട് സ്വയം കൊണ്ടുപോയി അനുഭവിക്കാം, നമുക്ക് എന്ത് ചേതം, നമ്മള് പണിയെടുത്താ നമുക്ക് കഞ്ഞി കുടിക്കാം’. ഉണ്ണികൃഷ്ണൻ ചർച്ചക്ക് തുടക്കമിട്ടു.
മൂവരും കണക്കാണെങ്കിലും ബി.ജെ.പി സ്ഥാനാർഥി ബാലേട്ടന് വോട്ട് ചെയ്യുമെന്നും ഉണ്ണികൃഷ്ണൻ പരസ്യ പ്രസ്താവനക്ക് തയാറായി. പിന്നീട് സന്തോഷും റിയാസും രാഷ്ട്രീയം പറയാൻ റെഡിയായി. ഭൂരിപക്ഷം കുറഞ്ഞാലും എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് വിജയിക്കുമെന്നാണ് ഇരുവരും പറയുന്നത്. മണ്ഡലത്തിന് വരത്തൻമാരുടെ ആവശ്യമില്ലെന്നും തങ്ങൾ വിജയിപ്പിച്ചുവിട്ട ആൾ രാജ്യത്തിന്റെ രാഷ്ട്രപതിയായ ചരിത്രം വരെയുണ്ടായിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു.
രമ്യ ഹരിദാസ് കുറച്ചുകാലമായി ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന വാദമൊന്നും അംഗീകരിക്കാൻ പക്ഷേ, മൂവരും തയാറായില്ല.
‘പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണ്. ആരോട് പറയാനാ. ജയിച്ചുപോയാൽ പിന്നെ ഫോൺ എടുക്കില്ല. കെ. രാധാകൃഷ്ണനെ ഒരാവശ്യത്തിന് വിളിച്ചാൽ ഫോണിൽ കിട്ടില്ല. ആ വഴക്കോട് റോഡിൽ ചില്ലിങ്കൂടിൽ ഒരു പുണ്യാളൻ ഇരിപ്പുണ്ട്. ആർക്കും ഒരു ദ്രോഹവും ഇല്ല. പാവം. അതുപോലെ ആണ് രാധാകൃഷ്ണൻ. അയാളെ പാർട്ടി തലങ്ങും വിലങ്ങും ഇട്ട് തട്ടുന്നു’. ബി.ജെ.പി അനുഭാവിയായ ഉണ്ണികൃഷ്ണന്റെ വാക്കുകളിൽ വാസ്തവമുണ്ടെന്ന് സന്തോഷിന്റെ സമ്മതം.
ആറ്റൂർ കഴിഞ്ഞാൽ ചെറുതുരുത്തി പഞ്ചായത്ത് തുടങ്ങുകയാണ്. പ്രധാന റോഡുകളെല്ലാം ഗംഭീരമായി ടാർ ചെയ്തിട്ടുണ്ട്. വെട്ടിക്കാട്ടിരി ബസ് സ്റ്റോപ്പിൽ ഓട്ടോ ഡ്രൈവർമാർ ഒത്തുകൂടി നിൽക്കുന്നു.
ഇക്കുറി ഇടതുപക്ഷത്തിന് ഈസി ജയം സാധ്യമല്ലെന്ന് കോൺഗ്രസ് അനുഭാവിയായ അബ്ബാസ്. ‘ഒരു റൈസ് പാർക്ക് മാത്രമാണ് കെ. രാധാകൃഷ്ണന് എടുത്തുപറയാൻ ഉള്ളത്. അതിന്റെ അവസ്ഥ തന്നെ പരിതാപകരമാണ്. ഇപ്പോൾ പ്രവർത്തനം പോലുമില്ല. നല്ലൊരു സർക്കാർ ആശുപത്രി പോലുമില്ല. ആരോഗ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ട് ആശുപത്രിയില്ലാത്ത ബുദ്ധിമുട്ട് അവരറിഞ്ഞു. ഇതാണ് നാടിന്റെ അവസ്ഥ’. അബ്ബാസ് ഇല്ലായ്മയുടെ കണക്കുകൾ നിരത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.