ഉപതെരഞ്ഞെടുപ്പ് അനാവശ്യം -കെ. സുരേന്ദ്രൻ
text_fieldsതൃശൂർ: കേരളത്തിൽ നാല് മാസത്തേക്ക് മാത്രമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ലെന്നും അനാവശ്യമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. എൽ.ഡി.എഫിനും യു.ഡി.എഫിനും തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നാണ് ആഗ്രഹം. അത് തുറന്നു പറയാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
യു.ഡി.എഫ് അപ്രസക്തമായെന്നും സാങ്കേതിക പ്രതിപക്ഷം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നേതൃപ്രതിസന്ധിയിലാണ് കോൺഗ്രസ്. കോൺഗ്രസിനെ ലീഗ് വിഴുങ്ങുകയാണ്. യു.ഡി.എഫിെൻറ നിയന്ത്രണം മുസ്ലിംലീഗ് നേതൃത്വത്തിലേക്ക് പോവുകയാണ്. യു.ഡി.എഫിനെ ഹൈജാക്ക് ചെയ്യാനാണ് ലീഗിെൻറ ശ്രമം. ആറ് മാസം മുമ്പ് നിയമസഭാംഗത്വം രാജിവെച്ച് വടക്ക് ലോക്സഭയിലേക്ക് പോയവർ ഇപ്പോൾ തെക്കോട്ടെടുക്കുകയാണ്. ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതും ജനങ്ങളെ കളിയാക്കുന്നതുമാണ്.
പീഡനത്തിനുള്ള അവകാശം ഡി.വൈ.എഫ്.ഐക്ക് മാത്രമാണോ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുെട പരാമർശം മര്യാദയില്ലാത്തതാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ബി.ജെ.പിയിലേക്ക് നീളുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും അന്വേഷണം മുന്നോട്ട് പോവുമ്പോൾ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അക്രമം ലക്ഷ്യമിട്ട് കണ്ണൂരിൽ സി.പി.എം വൻതോതിൽ ആയുധങ്ങൾ സംഭരിക്കുകയാണ്. പപ്പടത്തിൽ പോലും അഴിമതി നടത്തിയ സർക്കാറിനെതിരെ ജനകീയ രോഷം രൂക്ഷമാണ്. എൽ.ഡി.എഫ് തിരിച്ചടികൾ നേരിടുകയാണ്. ബി.ജെ.പിക്ക് ജനപിന്തുണയേറുന്നു. എൻ.ഡി.എ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നതായും ജില്ലതല യോഗങ്ങൾ പുരോഗമിക്കുകയാണെന്നും സുരേന്ദ്രൻ അറിയിച്ചു.
ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.