സർവകക്ഷിയോഗത്തിൽ ധാരണ; ഉടൻ വോട്ടില്ല
text_fieldsതിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഏതാനും മാസം നീട്ടിവെക്കാൻ സർവകക്ഷി യോഗത്തിൽ ധാരണ. ചവറ, കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ബി.ജെ.പി ഒഴികെ എല്ലാ കക്ഷികളും രണ്ടു വിഷയത്തിലും യോജിച്ചു. ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കുന്നതിനോട് അനുകൂലിച്ച ബി.ജെ.പി തദ്ദേശതെരഞ്ഞെടുപ്പ് നീട്ടുന്നതിൽ വിയോജിച്ചു. തദ്ദേശതെരഞ്ഞെടുപ്പ് എത്ര കാലം നീട്ടണമെന്ന ചർച്ച വന്നില്ലെങ്കിലും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ പുതിയ ഭരണസമിതി വരുംവിധം തെരഞ്ഞെടുപ്പ് നടക്കും.
വിജയിക്ക് പ്രവർത്തിക്കാൻ മൂന്നരമാസം മാത്രമേ ലഭിക്കൂ, കോവിഡ് വ്യാപന സാഹചര്യം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാൻ ആവശ്യപ്പെടുക.
തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഭൂരിഭാഗം കക്ഷികളും സമാന നിലപാട് സ്വീകരിച്ചു. നവംബർ 12നകം പുതിയ ഭരണസമിതി അധികാരമേൽക്കണം.
നിയമപ്രകാരം നിലവിലെ ഭരണസമിതികൾക്ക് കാലാവധി നീട്ടാനാകില്ല. മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റികൾക്ക് ചുമതല നൽകേണ്ടിവരും. കോവിഡ് മൂർധന്യത്തിൽ നിൽക്കുന്നതിനാൽ 60 വയസ്സ് കഴിഞ്ഞവർക്ക് വോട്ട് ചെയ്യുന്നതിനും സ്ഥാനാർഥി ആകുന്നതിനും പ്രചാരണം നടത്തുന്നതിനുമുള്ള പ്രയാസം, കണ്ടെയ്മെൻറ് സോൺ നിയന്ത്രണങ്ങൾ അടക്കം വിവിധ കക്ഷികൾ ചൂണ്ടിക്കാട്ടി.
ആറുമാസം തെരഞ്ഞെടുപ്പ് നീട്ടാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും അത്രയും നീട്ടണമെന്ന് ആരും ആവശ്യപ്പെട്ടില്ല. ആറുമാസത്തിനകം വരുന്ന പൊതുതെരഞ്ഞെടുപ്പ് മതിയെന്ന നിലപാടാണ് യോഗത്തിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. എല്ലാ കക്ഷികളും ഒന്നിച്ച് പറയുന്നത് കമീഷൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത അഞ്ചുവർഷത്തേക്കാണ്.
പുതിയ ഭരണസമിതികൾ നവംബറിൽ വരേണ്ടത് ഭരണഘടന ബാധ്യതയുമാണ്. രണ്ടു തെരഞ്ഞെടുപ്പുകളെയും താരതമ്യം ചെയ്യാനാകില്ല. കോവിഡ് കേസുകൾ വർധിക്കുകയാണെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ കഴിയാത്ത ഭരണഘടന ബാധ്യതയായതിനാൽ തീയതിയിൽ അൽപം വ്യത്യാസം വരുത്താൻ കമീഷനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.