ചേലക്കരയും പാലക്കാടും ഉപതെരഞ്ഞെടുപ്പിന്
text_fieldsതിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ പോരിനിറങ്ങിയ അഞ്ചു നിയമസഭാംഗങ്ങളിൽ രണ്ടുപേർക്ക് വിജയം. ഇതോടെ രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. പാലക്കാട്, ചേലക്കര മണ്ഡലങ്ങളാണ് ഉപതെരഞ്ഞെടുപ്പിലേക്ക് പോവുക. ഇതിൽ ഒരു മണ്ഡലം സി.പി.എമ്മിന്റേതും ഒന്ന് കോൺഗ്രസിന്റേതുമാണ്.
വടകരയിൽ ഷാഫി പറമ്പിൽ വിജയിച്ചതോടെയാണ് അദ്ദേഹം നിയമസഭയിൽ പ്രതിനിധാനംചെയ്ത പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആവശ്യമായത്. മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരിൽ വിജയിച്ചതോടെ അദ്ദേഹത്തിന്റെ ചേലക്കര മണ്ഡലത്തിലും ഒഴിവ് വരും. മത്സരിച്ച മറ്റ് എം.എൽ.എമാരായ കെ.കെ. ശൈലജ വടകരയിലും എം. മുകേഷ് കൊല്ലത്തും വി. ജോയി ആറ്റിങ്ങലിലും പരാജയപ്പെട്ടു.
സി.പി.എം പോരിനിറക്കിയ നാലിൽ മൂന്ന് എം.എൽ.എമാരും പരാജയപ്പെട്ടു. കോൺഗ്രസ് ഇറക്കിയ ഏക സിറ്റിങ് എം.എൽ.എയായ ഷാഫി പറമ്പിൽ ലക്ഷ്യം കാണുകയും ചെയ്തു. സി.പി.എമ്മിന്റെ ഏക വിജയിയായ കെ. രാധാകൃഷ്ണൻ ആലത്തൂരിൽ ജയിച്ചതോടെ മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവെക്കേണ്ടിവരും. ആറ്റിങ്ങലിൽ അവസാന നിമിഷം വരെ പൊരുതിയാണ് വി. ജോയി പരാജയം സമ്മതിച്ചത്. ജയിച്ച എം.എൽ.എമാരിൽ ഉയർന്ന ഭൂരിപക്ഷം ഷാഫി പറമ്പിൽ നേടിയ 1,14,506 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.