സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ
text_fieldsതിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് തെരഞ്ഞെടുപ്പിന്റെ ചൂടാറും മുൻപ് നാളെ കേരളത്തിൽ തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ പറഞ്ഞു.
വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ്. തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുമ്പുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. വോട്ട് ചെയ്യുന്നവരുടെ ഇടതുകൈയിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടുക.
മലപ്പുറം ജില്ല പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇവരിൽ 50 പേർ സ്ത്രീകൾ. വോട്ടെടുപ്പിന് 192 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഫലം www.sec.kerala.gov.in വെബ്സൈറ്റിലെ TREND ൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.