ഉപതെരഞ്ഞെടുപ്പ് സർക്കാറിനെതിരായ വിധിയെഴുത്താകും -മുസ്‍ലിം ലീഗ്
text_fieldsമലപ്പുറം: സംസ്ഥാന സര്‍ക്കാറിനെതിരായ വിധിയെഴുത്താകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്നും കെ-റെയിലിന്‍റെ പേരിലുള്ള ഭരണകൂട വേട്ടക്ക് ജനം മറുപടി നൽകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം. വർഗീയ ചേരിതിരിവിലൂടെ നേട്ടം കൊയ്യാനുള്ള എല്‍.ഡി.എഫ് നിലപാടിനും തൃക്കാക്കരയിലെ ജനം അന്ത്യം കുറിക്കുമെന്നും സമിതി വിലയിരുത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല നല്‍കി.
ശഹീന്‍ബാഗിലുണ്ടായ അതിക്രമം മണ്ണുമാന്തികളുപയോഗിച്ച് ജനജീവിതത്തെ തുടച്ചുനീക്കാനുള്ള ബി.ജെ.പി ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. വംശഹത്യയില്‍ മനംനൊന്ത് ദയാവധത്തിന് അനുമതി തേടിയ ഗുജറാത്തിലെ മത്സ്യത്തൊഴിലാളികളുടെ വാര്‍ത്ത ഞെട്ടിക്കുന്നതാണ്.
കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിത സൗകര്യവും തൊഴില്‍ സ്വാതന്ത്ര്യവും അനുവദിക്കണം. ദേശീയ വിദ്യാഭ്യാസ നയം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ചര്‍ച്ച ചെയ്യണം. നിരക്ഷരരായ ജനങ്ങളെ പൊതുധാരയില്‍നിന്നും വിദ്യാഭ്യാസത്തില്‍നിന്നും അകറ്റുന്നതാണ് വിദ്യാഭ്യാസ നയം. 'എന്‍റെ പാര്‍ട്ടിക്ക് എന്‍റെ ഹദിയ' കാമ്പയിൻ പുരോഗതി യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ല പര്യടനം ജൂണ്‍ രണ്ട് മുതല്‍ ആരംഭിക്കാനും തീരുമാനിച്ചു.
സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സീനിയര്‍ വൈസ് പ്രസിഡന്‍റ് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, വി.കെ. ഇബ്രാഹിം കുഞ്ഞ്, സി.ടി. അഹമ്മദലി, സി.പി. ബാവ ഹാജി, കെ.ഇ. അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ കല്ലായി, കെ.എസ്. ഹംസ, ടി.എം. സലീം, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം. ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബീമാപള്ളി റഷീദ്, പി.എം. സാദിഖലി, സി.പി. ചെറിയമുഹമ്മദ്, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, മഞ്ഞളാംകുഴി അലി, അഡ്വ. യു.എ. ലത്തീഫ്, നജീബ് കാന്തപുരം, എ.കെ.എം. അഷ്‌റഫ് തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.