എപ്പോഴോ എസ്.എഫ്.ഐക്കാരിയായ വിദ്യ ചെയ്ത കുറ്റം സംഘടനയുടെ തലയിൽ കെട്ടിവെക്കരുത് -എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച് ഗെസ്റ്റ് ലെക്ചറർ നിയമനം നേടിയ കെ. വിദ്യയെ തള്ളിയും എഴുതാത്ത പരീക്ഷ ജയിച്ചെന്ന വിവാദത്തിൽപെട്ട എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ പിന്തുണച്ചും മന്ത്രി എം.ബി. രാജേഷും രംഗത്ത്. പഠിക്കുന്ന കാലത്ത് എപ്പോഴോ വിദ്യ എസ്.എഫ്.ഐക്കാരി ആയിരുന്നതിനാൽ അവർ ചെയ്ത കുറ്റം എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവെക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങനെ ലക്ഷക്കണക്കിന് ആളുകൾ എസ്.എഫ്.ഐയിൽ പ്രവർത്തിച്ചിട്ടുണ്ട്. അവരെല്ലാം അത് കഴിഞ്ഞ് ഏതെങ്കിലുമൊക്കെ തെറ്റായ പ്രവർത്തനങ്ങളിൽ ചെന്നുപെട്ടാൽ അതിന് എസ്.എഫ്.ഐ എന്തുപിഴച്ചു -മന്ത്രി ചോദിച്ചു.
വിഷയത്തെ എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവെക്കാൻ ചില മാധ്യമങ്ങളാണ് ശ്രമിക്കുന്നത്. 24 മണിക്കൂർ ഒരു മുൻമന്ത്രിയെ ഇ.ഡി ചോദ്യം ചെയ്തിട്ട് ഒരു വാർത്തയും പത്രങ്ങളിൽ കണ്ടില്ല. ആ മുൻ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്ത വാർത്ത എവിടെയോ ഒറ്റക്കോളത്തിൽ കണ്ടു. ആർഷോക്കെതിരെ പ്രചരിപ്പിക്കുന്നതെല്ലാം അസംബന്ധങ്ങളാണ്. അസംബന്ധം പറയുന്നതിന് അതിരുവേണം. ഒരു ചെറുപ്പക്കാരനെക്കുറിച്ച് ഇങ്ങനെ അടിസ്ഥാനരഹിതമായി ആരോപണങ്ങൾ പറഞ്ഞുപരത്തുന്നത് ശരിയല്ല.
എന്തായാലും പറഞ്ഞതെല്ലാം ചിലമാധ്യങ്ങൾ ഇന്ന് മാറ്റിപ്പറഞ്ഞിട്ടുണ്ട്. അത് നന്നായി. പ്രിൻസിപ്പൽ ആദ്യംകിട്ടിയ വിവരമനുസരിച്ചാണ് അഭിപ്രായം പറഞ്ഞത്. പ്രിൻസിപ്പൽ പിന്നീടത് തിരുത്തിയില്ലേ, എന്നിട്ടും അതേക്കുറിച്ച് ഒരു മാധ്യമങ്ങളും കാര്യമായി വാർത്ത നൽകിയില്ല. മാധ്യമങ്ങൾ അൽപമെങ്കിലും സത്യസന്ധത പുലർത്തണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
രാഷ്ട്രീയം പറയേണ്ട സമയത്ത് പറയുകതന്നെ ചെയ്യും. അതിന് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടോ സ്ഥാപിതതാൽപര്യമോ ഇല്ല. അതുള്ളവർക്ക് പ്രയാസംവരും. ഞങ്ങൾക്കതില്ല, അതുകൊണ്ടാണ് കടുത്തഭാഷയിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാകുന്നതെന്നും എ.ബി. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.