ഇതാണ് ആർ.എസ്.എസ് എങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ്... -പി.പി. മുകുന്ദൻ അനുസ്മരണത്തിൽ സി. ദിവാകരൻ
text_fieldsതിരുവനന്തപുരം: തനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയക്കാരനാണ് അന്തരിച്ച സംഘ്പരിവാർ നേതാവ് പി.പി. മുകുന്ദനെന്ന് സി.പി.ഐ നേതാവ് സി. ദിവാകരൻ. തിരുവനന്തപുരത്ത് നടന്ന പി.പി. മുകുന്ദൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു സി. ദിവാകരൻ.
അദ്ദേഹത്തെ പോലെ ഇതാണ് ആർ.എസ്.എസ് എങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും നല്ല നിറവും തുടുത്ത മുഖവും ചന്ദനപൊട്ടും സിന്ദൂരവും എല്ലാംകൂടി പി.പി മുകുന്ദൻ വരുമ്പോൾ ഒരു മദയാന വരുംപോലെയാണെന്നും ദിവാകരൻ പറഞ്ഞു.
സി. ദിവാകരന്‍റെ വാക്കുകൾ:
‘‘പി.പി മുകുന്ദൻ വന്നാൽ ആളുകളൊക്കെ അറിയും. അസാമാന്യമായ സൗന്ദര്യമാണ്. നല്ല നിറവും തുടുത്ത മുഖവും ചന്ദനപൊട്ടും സിന്ദൂരവും എല്ലാംകൂടി മുകുന്ദേട്ടൻ വന്നാൽ ഒരു മദയാന വരുംപോലെയാണ്....’’ ‘‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു രാഷ്ട്രീയക്കാരനാണ്, എന്‍റെ ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ വ്യത്യസ്തമായ ചേരിയിലാണെങ്കിലും. ഇതാണ് ആർ.എസ്.എസ് എങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എല്ലാവരും പി.പി. മുകുന്ദനെ പോലെ ആണെങ്കിൽ പിന്നെ ഒരു പ്രശ്നവുമില്ല. മുകുന്ദേട്ടൻ യഥാർത്ഥത്തിൽ ഒരു കമ്യൂണിസ്റ്റ് ശൈലിയുടെ ആളാണ്. ’’
എങ്ങനെ ഒരു സംഘടനയിൽ പ്രവർത്തിക്കണം എന്നതിന്റെ ഉത്തമമായ മാതൃകയായിരുന്നു പി.പി. മുകുന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പി.പി. മുകുന്ദൻ അനുസ്മരണ യോഗത്തിൽ അധ്യക്ഷതവഹിച്ചാണ് പിണറായി സംസാരിച്ചത്. തികഞ്ഞ അർപ്പണബോധത്തോടെയാണ് അദ്ദേഹം സംഘടനാകാര്യങ്ങൾ നിർവഹിച്ചതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് മുതിർന്ന സംഘ്പരിവാര്‍ നേതാവും ബി.ജെ.പി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി. മുകുന്ദന്‍ അന്തരിച്ചത്. 1980-90ൽ സംസ്ഥാനത്ത് ബി.ജെ.പി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പി.പി. മുകുന്ദൻ, 1966 മുതല്‍ 2007 വരെ 41 വര്‍ഷം രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ പ്രചാരകായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.