‘ജനങ്ങളെ കാണാൻ മഹാരാജാവിനെ പോലെ പോകരുത്’; സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ സി. ദിവാകരൻ
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് ഇടത് മുന്നണിയെ നയിക്കുന്ന സി.പി.എം പരിശോധിക്കണമെന്ന് ദിവാകരൻ ആവശ്യപ്പെട്ടു.
ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്താത്തത് തോൽവിക്ക് കാരണമായോ എന്ന് പരിശോധിക്കണം. തെറ്റുകളുണ്ടെങ്കിൽ തിരുത്തണം. എല്ലാം കാണുന്ന ജനങ്ങളുടെ മുമ്പിൽ തുറന്നു പറയണം. രാഷ്ട്രീയ പാർട്ടികളും നേതാക്കളും അവരുടെ സ്വകാര്യ ജീവിതവും ജനങ്ങൾക്ക് ബോധ്യപ്പെടണം. അല്ലെങ്കിൽ പലതും സംഭവിക്കും. ജനങ്ങളെ പഴി പറഞ്ഞിട്ട് കാര്യമില്ല. തോൽവിയിൽ ഘടകകക്ഷികൾക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണം ഫലപ്രദമായി നടത്തി ജനങ്ങളുടെ മുമ്പിൽ പോകുന്നതാണ് അവർ ഇഷ്ടപ്പെടുന്നത്. ഭരണപരമായ കടമകൾ നിർവഹിക്കുന്നതിന് പകരം കാസർകോട് മുതൽ കന്യാകുമാരി വരെ യാത്ര ചെയ്തിട്ട് കാര്യമില്ല. നവകേരള യാത്ര ജനങ്ങൾ തള്ളിക്കളഞ്ഞു. ജനങ്ങളിലേക്ക് പോകുന്ന വഴി ഗ്രാമങ്ങളിലൂടെയാണ്. അങ്ങനെ യാത്ര ചെയ്തവരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ. ജനങ്ങളിലേക്ക് തിരികെ പോകണം.
ജനങ്ങളെ കാണാൻ മഹാരാജാവിനെ പോലെ പോകാൻ പാടില്ല. ജനാധിപത്യമല്ലിത്. ജനങ്ങളെ കാണാനുള്ള യാത്ര ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചില്ല. യാത്ര ചെയ്ത വലിയ ബസിനെ കുറിച്ചുള്ള വിവാദങ്ങളും ഒഴിവാക്കാമായിരുന്നു. ഗ്രാമങ്ങളിലാണ് ഇടതുപക്ഷക്കാർ കൂടുതലായി ഉള്ളത്. നഗരങ്ങളിൽ വോട്ട് കുറവാണ്. നഗരങ്ങൾ കൈയടക്കിയിട്ടുള്ളത് സമ്പന്ന വർഗമാണ്. നഗരങ്ങളിലുള്ളവർ റേഷൻ പോലും വാങ്ങിക്കാറില്ല.
സഹകരണ ബാങ്കുകളിലെ നിക്ഷേപ തട്ടിപ്പുകൾ, പൊലീസ് ഇടപെടലുകൾ അടക്കമുള്ള കാര്യങ്ങൾ ജനങ്ങൾ ഗൗരവമായി എടുക്കുന്നുണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണുകയും പരിശോധിക്കുകയും ചെയ്യും. സി.പി.ഐക്ക് ഒന്നും സി.പി.എമ്മിന് മൂന്നും അടക്കം ഏറ്റവും കുറഞ്ഞത് നാലു സീറ്റുകൾ ലഭിക്കുമെന്ന് കരുതിയിരുന്നു. രാഷ്ട്രീയ സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ജനം വിധിയെഴുതുന്നത്.
സമസ്തയല്ല മറ്റേത് സമുദായ സംഘടന വിചാരിച്ചാലും കേരളത്തിൽ ഒരു കാര്യവും നടക്കില്ല. പഴയ ജനവും പഴയ സമീപനവുമല്ല ഇപ്പോഴുള്ളത്. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അണികൾ തന്നെ തിരുത്തൽ വേണമെന്ന നിലപാട് സ്വീകരിക്കുകയാണ്. കുറ്റിച്ചൂലിനെ സ്ഥാനാർഥിയാക്കിയാൽ ജയിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും സി. ദിവാകരൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.