ശോഭയെ വെട്ടി; പാലക്കാട് സി.കൃഷ്ണകുമാർ സ്ഥാനാർഥിയായാൽ മതിയെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം
text_fieldsതിരുവനന്തപുരം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ സ്ഥാനാർഥിയാകുമെന്ന് സൂചന. മണ്ഡലത്തിൽ മത്സരിക്കാൻ കൃഷ്ണകുമാർ എന്ന ഒറ്റപ്പേരിലേക്ക് നേതൃത്വം എത്തുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവരുടെ പിന്തുണ സി.കൃഷ്ണകുമാറിനുണ്ടെന്നാണ് സൂചന.
നേരത്തെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രന്റെ പേരും ഉയർന്നുകേട്ടിരുന്നു. ശോഭ സുരേന്ദ്രനായി നഗരത്തിൽ ഫ്ലെക്സ് ബോർഡും പ്രത്യക്ഷപ്പെട്ടിരുന്നു. നഗരസഭ ഓഫീസിന് മുമ്പിലാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, മണ്ഡലത്തിൽ പരിചയസമ്പത്തുള്ള സി.കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയാൽ മതിയെന്ന നിലപാട് സംസ്ഥാന നേതൃത്വം എടുത്തുവെന്നാണ് വിവരം.
സംസ്ഥാന കമ്മിറ്റി തീരുമാനം ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിക്കും. കേന്ദ്രനേതൃത്വമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പാലക്കാട് സീറ്റ് ലഭിച്ചില്ലെങ്കിൽ വയനാട് ചോദിക്കാനും ശോഭ സുരേന്ദ്രന് പദ്ധതിയുണ്ട്. പാലക്കാടിന് പുറമേ വയനാട്, ചേലക്കര മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും മറ്റ് മുന്നണികളിലും സ്ഥാനാർഥി ചർച്ച സജീവമാണ്.
കോൺഗ്രസിൽ മൂന്ന് പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. കെ.മുരളീധരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസ് സോഷ്യൽ മീഡിയ കൺവീനർ പി.സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പരിഗണനയിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളെ സ്ഥാനാർഥിയാക്കാനാണ് സി.പി.എം നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.