ജനങ്ങളെ വഞ്ചിച്ച ഷാഫി പറമ്പിലിനെതിരായ വിധിയെഴുത്താവും പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം -സി. കൃഷ്ണകുമാർ
text_fieldsപാലക്കാട്: ജനങ്ങളെ വഞ്ചിച്ച ഷാഫി പറമ്പിലിനെതിരായ വിധിയെഴുത്താവും പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലമെന്ന് ബി.ജെ.പി സ്ഥാനാർഥി സി.കൃഷ്ണകുമാർ.പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ലോക്സഭ മണ്ഡലത്തിൽ പോളിങ് ശതമാനം കുറയാനുള്ള കാരണം രാഹുൽ ഗാന്ധിക്കെതിരായ വികാരമാണ്.
തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തെ വഞ്ചിച്ച രാഹുൽ ഗാന്ധിക്കെതിരായ പ്രതിഷേധമാണ് അവിടെ പ്രതിഫലിച്ചത്. അതേ വികാരമാണ് പാലക്കാടും ഉള്ളത്. ഷാഫി പറമ്പിലിനെതിരായ ജനങ്ങളുടെ പ്രതിഷേധം ബി.ജെ.പിക്ക് ഗുണമാകും. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു ശേഷമാണ് പാലക്കാട് ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് പൂർത്തിയാകും.രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണുള്ളത്. വോട്ടർമാരിൽ 100290 പേർ സ്ത്രീകളാണ്. നാല് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.