സി. മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയർമാനായേക്കും
text_fieldsകോഴിക്കോട്: പുതിയ സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ഇടം നേടാൻ സമുദായ സംഘടനകളുടെ ചരടുവലി സജീവം. തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ചെയർമാനായ കമ്മിറ്റിയുടെ കാലാവധി ആഗസ്റ്റ് 11 അർധരാത്രിയോടെയാണ് അവസാനിക്കുക. ആഗസ്റ്റ് 12ന് പുതിയ കമ്മിറ്റി നിലവിൽ വരണം.
ഹജ്ജ് യാത്ര ആഴ്ചകൾക്കകം ആരംഭിക്കാനിരിക്കെ പുതിയ കമ്മിറ്റി രൂപവത്കരണത്തിന് സംസ്ഥാന സർക്കാർ ത്വരിതഗതിയിൽ കൂടിയാലോചന നടത്തുന്നുണ്ട്. സമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ആഗസ്റ്റ് 12ന് തന്നെ കമ്മിറ്റി പ്രഖ്യാപിക്കുമെന്ന് വകുപ്പുമന്ത്രി കെ.ടി. ജലീൽ ‘മാധ്യമ’ത്തോട് പറഞ്ഞു. തൊട്ടടുത്ത ദിവസം കമ്മിറ്റി യോഗം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കും.
15 അംഗങ്ങളാണ് കമ്മിറ്റിയിലുണ്ടാവുക. മൂന്നുപേർ മതപണ്ഡിതരാവണം. സാമൂഹിക,-വിദ്യാഭ്യാസ,-സാംസ്കാരിക പ്രവർത്തകരിൽനിന്ന് അഞ്ചും എം.എൽ.എ, എം.പിമാരിൽനിന്ന് മൂന്നും തദ്ദേശ സ്ഥാപന ജനപ്രതിനിധികളിൽനിന്ന് മൂന്നുപേരും വേണം. വഖഫ് ബോർഡ് ചെയർമാനും അംഗമാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി സെക്രട്ടറിയായ മലപ്പുറം ജില്ല കലക്ടർ എക്സ് ഒഫിഷ്യോ അംഗമായിരിക്കും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പരസ്യമായി സഹായിച്ചതിന് സുന്നി കാന്തപുരം വിഭാഗത്തിന് ചെയർമാൻ പദവി നൽകാനാണ് സാധ്യത. ചെയർമാനായി കാന്തപുരം വിഭാഗത്തിലെ പ്രമുഖരായ സി. മുഹമ്മദ് ഫൈസിയുടെയും എ.പി. അബ്ദുൽ ഹക്കീം അസ്ഹരിയുടെയും പേരുകളാണ് പരിഗണനയിൽ. മുഹമ്മദ് ഫൈസി കാന്തപുരത്തിെൻറ മരുമകനും ഹക്കീം അസ്ഹരി ഏക മകനുമാണ്. സമസ്ത ഒൗദ്യോഗിക പക്ഷത്തുനിന്ന് ഡോ. ബഹാഉദ്ദീൻ നദ്വിയുടെ പേരാണ് നിർദേശിച്ചത്.
സാമൂഹിക പ്രവർത്തകനും മുൻ ഹജ്ജ് കമ്മിറ്റി അംഗവുമായ ചങ്ങനാശ്ശേരിയിലെ എച്ച്. മുസമ്മിൽ ഹാജിയുടെ പേരും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഹജ്ജ് ഹൗസ് നിർമാണം ഉൾപ്പെടെ മുൻകാല സേവനങ്ങൾ പരിഗണിച്ചാണിത്. നിലവിലെ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി തുടർച്ചയായി മൂന്നുതവണ അംഗമായതിനാൽ തുടരാൻ നിയമ തടസ്സമുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിന് പകരം കടക്കൽ അബ്ദുൽ അസീസ് മൗലവി അംഗമാവും.
ചരിത്രത്തിലാദ്യമായി വനിത പ്രാതിനിധ്യവും പുതിയ കമ്മിറ്റിയിലുണ്ടായേക്കും. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൻ സുലൈഖയുടെ പേരാണ് നിർദേശിക്കപ്പെട്ടതെന്ന് അറിയുന്നു. ഇത്തവണ ഹജ്ജ് വളൻറിയറായും ആദ്യമായി ഒരു വനിതയെ തെരഞ്ഞെടുത്തിട്ടുണ്ട്.
വനിത പ്രാതിനിധ്യം സുന്നി വിഭാഗങ്ങളിൽനിന്ന് എന്ത് പ്രതികരണമാണ് ഉണ്ടാക്കുകയെന്നത് സർക്കാർ വീക്ഷിക്കുന്നുണ്ട്. രാജ്യസഭ മുൻ ഉപാധ്യക്ഷയും കേന്ദ്രമന്ത്രിയുമായിരുന്ന നജ്മ ഹിബത്തുല്ല കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർപേഴ്സനായിരുന്നതും കേരളത്തിലെ സുന്നി പണ്ഡിതർ അവർക്ക് കീഴിൽ അംഗമായി പ്രവർത്തിച്ചതുമാണ് സംസ്ഥാന സർക്കാറിന് ഇക്കാര്യത്തിൽ ധൈര്യം പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.