പ്രഖ്യാപനത്തിന് മുേമ്പ ധർമടത്ത് പത്രിക സമർപ്പിച്ച് രഘുനാഥ്; അറിഞ്ഞിെല്ലന്ന് മുല്ലപ്പള്ളി
text_fieldsകണ്ണൂർ: നാടകീയതകൾക്കൊടുവിൽ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ മത്സരത്തിൽനിന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ പിന്മാറി. വൈകിപ്പോയെന്നും മുന്നൊരുക്കത്തിന് സമയമില്ലെന്നും സുധാകരൻ പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, ധർമടത്തെ യു.ഡി.എഫ് സ്ഥാനാർഥി സംബന്ധിച്ച് ആരെന്ന് വ്യക്തമായില്ല. സ്ഥാനാർഥി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനുമുമ്പ് കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് ധർമടത്ത് വ്യാഴാഴ്ച പത്രിക നൽകി.
രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് കണ്ണൂർ ഡി.സി.സി ഹൈകമാൻഡിനോട് ശിപാർശ ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിൽ ഇതുസംബന്ധിച്ച് ഐ.ഐ.സി.സി പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇതോടെ അവസാന നിമിഷം കെ. സുധാകരൻതന്നെ സ്ഥാനാർഥിയാകുമോയെന്ന ആകാംക്ഷ ബാക്കിയായി.
കെ. സുധാകരൻ മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി ധർമടം മണ്ഡലത്തിൽനിന്നുള്ള നേതാക്കൾ കെ. സുധാകരെൻറ വീട്ടിലുമെത്തി. തുടർന്ന് ജില്ലാ നേതൃത്വവുമായി ചർച്ചചെയ്ത ശേഷമാണ് സുധാകരൻ പിന്മാറ്റം പ്രഖ്യാപിച്ചത്. ധർമടത്ത് തുടക്കം മുതൽ പറഞ്ഞുകേൾക്കുന്ന പേരാണ് മണ്ഡലത്തിലെ വോട്ടറായ സി. രഘുനാഥിേൻറത്. അഞ്ചരക്കണ്ടി കാവിന്മൂല സ്വദേശിയാണ്. കെ.എസ്.യുവിലൂടെ സംഘടനാപ്രവർത്തനം തുടങ്ങി. തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണ്.
നേമത്ത് കെ. മുരളീധരനെ ഇറക്കിയ രീതിയിൽ മുഖ്യമന്ത്രിക്കെതിരായി കണ്ണൂരിലെ കോൺഗ്രസിലെ കരുത്തനായ കെ. സുധാകരൻതന്നെ കളത്തിലിറങ്ങുമെന്ന ചർച്ച ആദ്യഘട്ടത്തിലേ സജീവമായിരുന്നു. ഫോർവേഡ് ബ്ലോക്കിൽ ദേശീയ സെക്രട്ടറി ജി. ദേവരാജെന മത്സരിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും മഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറക്കുക എന്നതാണ് ശക്തനായ സ്ഥാനാർഥിയെ നിർത്തുന്നത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന സൂചനയുമുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെ അത് വഴിമുട്ടി.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ കെ.പി.സി.സി നിർവാഹക സമിതിയംഗം മമ്പറം ദിവാകരനാണ് യു.ഡി.എഫിൽ ഇവിടെ ജനവിധി തേടിയത്. 2016ൽ പിണറായി വിജയൻ 87,329 വോട്ടും മമ്പറം ദിവാകരൻ 50424 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് 12,763 വോട്ട് കിട്ടി. ഇത്തവണ എൻ.ഡി.എയിൽ ബി.ജെ.പി മുൻ സംസ്ഥാന സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭനാണ് മത്സരരംഗത്ത്.
ധർമടത്തെ സ്ഥാനാർഥിത്വം അറിഞ്ഞില്ല –മുല്ലപ്പള്ളി
കായംകുളം: ധർമടത്ത് ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് നാമനിർദേശ പത്രിക നൽകിയത് അറിഞ്ഞിെല്ലന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. യാത്രയിലായിരുന്നതിനാൽ ആരെങ്കിലും പത്രിക നൽകിയോ എന്ന് അറിയാനായില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ല. സ്ഥാനാർഥിയെ ഔദ്യോഗികമായി നേതൃത്വം പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.