ചെങ്കിസ്ഖാൻ മുസ്‍ലിമെന്ന് യുക്തിവാദി നേതാവ് രവിചന്ദ്രൻ; പരിഹസിച്ച് സോഷ്യൽ മീഡിയ: അറിയാം ചെങ്കിസ്ഖാനെയും രവിചന്ദ്രനെയും
text_fieldsമംഗോൾ സാമ്രാജ്യ സ്ഥാപകനാണ് ചെങ്കിസ്ഖാൻ. മംഗോളിയൻ ഭരണാധികാരിയായ ചെങ്കിസ്ഖാനെ കുറിച്ച് ആർ.എസ്.എസ്-ബി.ജെ.പി അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ പോലും പറയാൻ അറക്കുന്ന പ്രസ്താവനയുമായാണ് യുക്തിവാദി നേതാവ് സി. രവിചന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ലൈവ് വീഡിയോയിലാണ് രവിചന്ദ്രൻ ചെങ്കിസ്ഖാനെ സംബന്ധിച്ച് അബദ്ധങ്ങൾ പറയുന്നത്. ഇസ്‌ലാമിലേക്ക് ആളെക്കൂട്ടാൻ ചെങ്കിസ്ഖാൻ പല ക്രൂരകൃത്യങ്ങളും ചെയ്‌തെന്നാണ് ഇയാൾ വാദിക്കുന്നത്. ചെങ്കിസ്ഖാനെ കുറിച്ച് രവിചന്ദ്രൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ
'അതിശൈത്യത്തിൽ പോലും റഷ്യ കീഴടക്കുക എന്ന മഹത്തായ നേട്ടം സ്വന്തമാക്കിയ വ്യക്തിയായിരുന്നു ചെങ്കിസ്ഖാൻ. ഇന്നത്തെ ആഫ്രിക്കയുടെ ഇരട്ടിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. അമ്പെയ്ത്ത്, കുതിരപ്പട്ടാളം തുടങ്ങിയവയിൽ യൂറോപ്യൻസിനെ അവർ അതിശയിപ്പിച്ചിരുന്നു. എതിരാളികളുടെ കണ്ണുനീരിൽ, ചോരയിൽ കുളിക്കാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു ചെങ്കിസ്ഖാൻ. ജീവനോടെ ആളുകളുടെ തൊലിയുരിക്കുക തുടങ്ങി എത്രമാത്രം ക്രൂരത ചെയ്യാമോ അതെല്ലാം ചെയ്തു.
ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനത്തിന്റെ ഭാഗമായി പല ക്രൂരതകൃത്യങ്ങളും ചെയ്തു എന്നാണ് പറയുന്നത്.' ഇന്ത്യയിൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഹിന്ദുത്വ വാദങ്ങൾക്ക് അനുകൂലമാകുന്ന രീതിയിലാണ് രവിചന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ അടക്കം വിഷയങ്ങൾ അവതരിപ്പിക്കുന്നതെന്നാണ് വിമർശകർ പറയുന്നത്. ഇതുപോലെ ഇതിന് മുമ്പ് ഇയാൾ പറഞ്ഞിട്ടുള്ള പല അബദ്ധങ്ങളും ഉദ്ധരിച്ചാണ് ആളുകൾ മറുപടി നൽകുന്നത്. ഇസ്രയേൽ, ഫലസ്തീൻ, കാനാൻ ദേശം എന്നിവയെ സംബന്ധിച്ച് ഇതിന് മുമ്പ് പ്രസംഗത്തിൽ രവിചന്ദ്രൻ പറഞ്ഞ അബദ്ധങ്ങൾ അടക്കം വസ്തുതകളുടെ അടിസ്ഥാനത്തിൽ ആളുകൾ തിരുത്തിയതും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
രവിചന്ദ്രന്റെ പുതിയ അബദ്ധം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വന്ന ചില മറുപടികൾ ഇങ്ങനെ:നസറുദ്ദീൻ മണ്ണാർക്കാട് എഴുതുന്നു, 'രവിചന്ദ്രൻ ചെങ്കിസ്ഖാനെയും ഇസ്‍ലാമിന്റെ തലയിൽ ഇട്ടു. ലോകം കണ്ട ക്രൂരന്മാരിൽ ഒരാളായ ചെങ്കിസ്ഖാനെയും ഇസ്‍ലാമിന്റെ തലയിൽ ഇട്ടിട്ടുണ്ട്. ഇസ്‍ലാമിന്റെ സുവർണ്ണ കാലത്തിന് അന്ത്യം കുറിച്ച, ബാഗ്ദാദ് അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞ ചെങ്കിസ് ഖാൻ എന്ന ലോകം കണ്ട ക്രൂരന്റെ ക്രൂരതകളും രവിചന്ദ്രൻ നൈസായിട്ട് ഇസ്ലാമിന്റെ തലയിൽ ഇടുന്നത് കണ്ടോളൂ.
ഷാരൂഖ് ഖാൻ, അമീർ ഖാൻ, സൽമാൻ ഖാൻ... എന്നൊക്കെ കണ്ടപ്പോൾ കിടക്കട്ടെ ചുളുവിൽ ഒരു ചെങ്കിസ് ഖാൻ കൂടി എന്നായിരിക്കണം രവി ഉദ്ദേശിച്ചത്. മണ്ടന്മാരായ അണികൾ അതും വിശ്വസിക്കുമെന്ന് രവിക്ക് അറിയാം.'
മുഹമ്മദ് നജീബ് എന്നയാൾ എഴുതുന്നു, 'ഇസ്ലാമിന്റെ ശത്രുവായ ചെങ്കിസ് ഖാൻ ഇസ്ലാമിലേക്കുള്ള കൺവേർഷനു വേണ്ടിയാണ് കൂട്ടക്കൊലകൾ നടത്തിയതെന്ന പച്ച നുണയാണ് രവി വിളമ്പിയത്. ഇസ്ലാമിക ലോകത്തെ അമൂല്യമായ വൈജ്ഞാനിക കേന്ദ്രങ്ങൾ ചുട്ടെരിച്ചത് മംഗോളിയരായിരുന്നു.
പക്ഷെ രവിക്ക് താൽപര്യമില്ലാത്ത ഒരു കൺവെർഷന്റെ കഥയുണ്ട്. ചെങ്കിസ്ഖാന്റെ പൗത്രൻ ബർകെ ഖാൻ ഇസ്ലാം സ്വീകരിച്ച കഥ. ഒരു തുള്ളി ചോരയും ചിന്താതെ സാധാരണക്കാരായ മുസ്ലിങ്ങളുടെ വിശ്വാസ ദർശനത്തിൽ ആകൃഷ്ടനായി ഇസ്ലാം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ചോരയല്ല ഇസ്ലാമിന് വേണ്ടത് ഹൃദയമാണ്.'
'ചെങ്കിസ് ഖാന്റെ പൗത്രൻ ഒലിവർ ഖാൻ നിർബന്ധിത മത പരിവർത്തനം നടത്തിയ ബല്ലാക്ക്, താഹ് എന്നിവർക്ക് നീതി ലഭിക്കാൻ പ്രാർത്ഥിക്കണം...'- എന്നാണ് സൈദലവി എന്നയാൾ പ്രതികരിച്ചത്. ചെങ്കിസ് ഖാനും ഷാരുഖ് ഖാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒന്ന് പറയാമോ എന്നാണ് മറ്റൊരാൾ ചോദിച്ചത്.
ചെങ്കിസ്ഖാനെ അറിയാം:
ശാന്തസമുദ്രം മുതൽ കാസ്പിയൻ കടൽ വരെ വ്യാപിച്ചു കിടന്ന മംഗോൾ രാജവംശത്തിന്റെ സ്ഥാപകനാണ് ചെങ്കിസ്ഖാൻ (ജെങ്കിസ്ഖാൻ). തെമുജിൻ എന്ന പേരിൽ 1155ൽ, ഇന്നത്തെ മംഗോളിയയുടെയും സൈബീരിയയുടെയും അതിർത്തി പ്രദേശത്തായിരുന്നു ചെങ്കിസ് ഖാന്റെ ജനനം.
തെമുജിന് പത്തു വയസ്സ് തികയും മുമ്പ് പിതാവിനെ ശത്രുക്കൾ വിഷം കൊടുത്തു കൊന്നു. ബാധ്യതയായി മാറിയ തെമുജിനെയും ആറു സഹോദരൻമാരെയും അമ്മയെയും ഗോത്രം ഉപേക്ഷിച്ചു. 1178ൽ തെമുജിൻ ബോർട്ടെ എന്ന യുവതിയെ വിവാഹം കഴിച്ചു. ഇടയിലൊരുനാൾ ബോർട്ടെയെ ശത്രുഗോത്രത്തിലെ പടയാളികൾ തട്ടിക്കൊണ്ടുപോയി. ബോർട്ടെയെ വീണ്ടെടുക്കാനായി തെമുജിൻ ശ്രമങ്ങൾ തുടരുകയും മാസങ്ങൾക്കു ശേഷം ഒരു പോരാട്ടത്തിലൂടെ അതു സാധിക്കുകയും ചെയ്തു.
പിന്നീട് മംഗോളിയയിൽ പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്ന ഗോത്രങ്ങളെ തന്റെ പിന്നിൽ അണിനിരത്താൻ തെമുജിനായി. ഇതിന് പിന്നാലെ ചെങ്കിസ് ഖാൻ എന്ന പേരും സ്വീകരിച്ചു. ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയെ ആദ്യം ആക്രമിച്ച ചെങ്കിസ് ഖാന്റെ സൈന്യം പിന്നീട് തുർക്ക്‌മെനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, അർമീനിയ, ജോർജിയ, അസർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ തങ്ങളുടെ പടയോട്ടം നടത്തി. മരിക്കുമ്പോൾ ചെങ്കിസ്ഖാന്റെ സാമ്രാജ്യത്തിന് ആഫ്രിക്ക ഭൂഖണ്ഡത്തിന്റെ വിസ്തീർണമുണ്ടായിരുന്നു എന്നാണ് ചരിത്രപണ്ഡിതർ പറയുന്നത്.
ചെങ്കിസ്ഖാൻ ഷമാനിസ്റ്റ് ആയിരുന്നു എന്നാണ് ചരിത്രത്തിലുള്ളത്. ഷമാനിസത്തെ വ്യവസ്ഥാപിതമായ മതപാരമ്പര്യങ്ങൾക്കു കീഴിൽ ഉൾപ്പെടുത്താനാകില്ല. മംഗോളിയൻ ഷമാനിസ്റ്റുകൾ അവരുടെ പൂർവ്വികരെയും നീലാകാശത്തെയുമാണ് ആരാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.