ഇന്ത്യൻ ഹിന്ദുക്കൾ സംഘ്പരിവാറിനെ പോലെ കപട ദേശീയവാദികളല്ല -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തോടൊപ്പം രാജ്യത്തെ ഹിന്ദുക്കളും കൂടെയുണ്ടാവുമെന്ന് വി.ഡി സതീശൻ എം.എൽ.എ. ഇന്ത്യയിലെ ഹിന്ദുക്കൾ സംഘ്പരിവാറുകാരെ പോലെ കപട ദേശീയവാദികളല്ല. അവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരാണ്. ജയിൽ മോചനത്തിനായി ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കിയിട്ട്, എല്ലാ ഔദാര്യവും ചെയ്ത്, കോൺഗ്രസിന്‍റെ സന്നദ്ധ ഭടന്മാരെ ഒറ്റു കൊടുത്ത അഞ്ചാം പത്തികളല്ല രാജ്യത്തെ ഹിന്ദുക്കൾ. ഏതെങ്കിലും ഒരു വിഭാഗത്തിലെ ഒരാളോട് ഇന്ത്യവിട്ട് പോകാൻ ആരെങ്കിലും ആജ്ഞാപിച്ചാൽ തിരിഞ്ഞു നിന്ന് ഇത് എന്‍റെ ഇന്ത്യ, ഞങ്ങളുടെ ഇന്ത്യ എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന യുവതലമുറയാണ് വളർന്നുവരുന്നത് എന്നതാണ് ആവേശകരമെന്നും വി.ഡി. സതീശൻ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമയത്തിൽ മതപരമായ വിവേചനമുണ്ട്. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒരു വിഭാഗം ആളുകളെ മാറ്റി നിർത്തുന്നു. പൗരത്വ പട്ടിക ഒരു വലയാണ്. ആ വലയിൽ കുടുങ്ങാൻ പോകുന്ന മത്സ്യങ്ങൾ ഇപ്പോൾ പൗരത്വ നിയമത്തിലൂടെ പുറത്താക്കപ്പെട്ട ആളുകളാണ്. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരുമിച്ച് ചേർക്കുമ്പോൾ കൃത്യമായ മതവിവേചനമാണ് സംഭവിക്കുകയെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഭരണഘടന നിർമാണ സമിതിയിലെ 296 അംഗങ്ങളിൽ 211 പേർ കോൺഗ്രസുകാർ ആയിരുന്നു. ഈ അംഗങ്ങളുടെ ബലത്തിൽ ഇഷ്ടമുള്ള ഭരണഘടന ഉണ്ടാക്കാമായിരുന്നു. എന്നാൽ, ഒരു രാജ്യത്തും ഇല്ലാത്ത ജനാധിപത്യത്തെയും മതേതരത്വത്തെയും സോഷ്യലിസത്തെയും ഉയർത്തി പിടിക്കുന്ന, ഒരു തുള്ളിവെള്ളം പോലും ചേർക്കാത്ത ഭരണഘടനക്കാണ് ദേശീയ നേതാക്കൾ രൂപം നൽകിയതെന്നും സതീശൻ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.