കേരളാ ഗവർണർ ബി.ജെ.പിയുടെ വക്താവായി -കെ.സി. ജോസഫ്
text_fieldsകോട്ടയം: വിവാദ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കേരളാ ഗവർണറെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് എം.എൽ.എ. ഗവർണർ ബി.ജെ.പിയുടെ വക്താവായി അധഃപതിച്ചത് നിർഭാഗ്യകരമെന്ന് കെ.സി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
ഭരണഘടനാപരമായി സമുന്നത പദവിയിൽ ഇരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബി.ജെ.പിയുടെ വക്താവായി അധഃപതിച്ചത് നിർഭാഗ്യകരമാണ്. ബി.ജെ.പിയെ പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവർണറും ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി ബിൽ കോൺഗ്രസ്സിന്‍റെ സൃഷ്ടിയാണെന്ന ഗവർണറുടെ കണ്ടുപിടിത്തം വസ്തുതാവിരുദ്ധമാണെന്നും ജോസഫ് പറഞ്ഞു.
ഒരവസരത്തിലും മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കാൻ കോൺഗ്രസ് തയാറായിട്ടില്ല. ടിബറ്റിലെയും ബംഗ്ലാദേശിലെയും അഭയാർഥികൾ ഉൾപ്പെടെ എല്ലാവർക്കും ജാതിയും മതവും നോക്കാതെ അഭയം കൊടുത്ത മഹത്തായ പാരമ്പര്യമാണ് കോൺഗ്രസ് സർക്കാറിനുള്ളത്. ബഹുമാനപ്പെട്ട ഗവർണറുടെ പ്രസ്താവന തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും കെ.സി ജോസഫ് ചൂണ്ടിക്കാട്ടി.
മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും പറഞ്ഞ വാക്കാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പാലിച്ചതെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. ഇതാണ് വലിയ വിമർശനത്തിന് വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.