പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം പ്രമേയം; പാലക്കാട് നഗരസഭയിൽ കൈയാങ്കളി
text_fieldsപാലക്കാട്: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രമേയത്തെച്ചൊല്ലി പാലക്കാട് നഗരസഭയിൽ പ്രതിഷേധവും കൈയാങ്കളിയും. ബുധനാഴ്ച നടന്ന അടിയന്തര നഗരസഭ യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യോഗമാരംഭിച്ചയുടൻ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയമവതരിപ്പിക്കാൻ സി.പി.എം നോട്ടീസ് നൽകി. പ്രമേയം വായിക്കുന്നതിനിടെ എതിർപ്പുമായി ബി.ജെ.പി കൗൺസിലർമാർ രംഗത്തെത്തുകയായിരുന്നു. ഇതിനിടെ സി.പി.എം പ്രമേയത്തെ പിന്താങ്ങി യു.ഡി.എഫ് കൗൺസിലർമാരും എഴുന്നേറ്റതോടെ യോഗം ബഹളമയമായി.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ പ്രമേയത്തിന് അനുമതി നിഷേധിച്ച ചെയർപേഴ്സൻ അടുത്ത കൗൺസിലിൽ അജണ്ടയായി വെച്ചാൽ പരിഗണിക്കാമെന്നും അടിയന്തര കൗൺസിലിൽ നിർവാഹമില്ലെന്നും പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.
ഇതിനിടെ പ്രമേയത്തിെൻറ കോപ്പി ബി.ജെ.പിയുടെ മുതിർന്ന അംഗം കീറിയെറിഞ്ഞു. പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്സെൻറ ഡയസ് വളഞ്ഞ് പൗരത്വ ഭേദഗതി നിയമത്തിെനതിരെ മുദ്രാവാക്യം വിളിക്കാനാരംഭിച്ചു. തുടർന്ന് മുദ്രാവാക്യം വിളികളുമായി ബി.ജെ.പി കൗൺസിലർമാരും ഇറങ്ങിയതോടെ സംഘർഷഭരിതമായി. പരസ്പരം വെല്ലുവിളിയായതോടെ സി.പി.എം, ബി.ജെ.പി കൗൺസിലർമാർ ഉന്തും തള്ളുമായി.
ഇതിനിടെ ചെയർപേഴ്സൻ അൽപനേരത്തേക്ക് യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. യു.ഡി.എഫ്, സി.പി.എം കൗൺസിലർമാർ പുറത്തുപോകാതെ മുദ്രാവാക്യം വിളി തുടർന്നു. തുടർന്നും കൗൺസിൽ േചർന്നെങ്കിലും ഏറ്റുമുട്ടലിെൻറ വക്കിലെത്തിയതോടെ അജണ്ടകൾ പരിഗണിക്കാതെ പിരിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.